ജയസൂര്യ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ആട്-2വിന് ശേഷം മിഥുന് മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ്. യുവതാരങ്ങളായ ഐശ്വര്യ ലക്ഷ്മിയും നടന് ജയറാമിന്റെ മകന് കാളിദാസും പ്രധാനവേഷങ്ങളലേത്തുന്ന ചിത്രം മാര്‍ച്ച് 22ന് റിലീസ് ചെയ്യാനിരിക്കുകയാണ്. മാര്‍ച്ച് ആദ്യവാരം പരീക്ഷകള്‍ തുടങ്ങാന്‍ പോകുന്നതിനാല്‍ റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ സിനിമയെ പ്രേക്ഷകരിലെത്തിച്ചത് സിനിമയ്ക്കായി താരങ്ങള്‍ കോളേജില്‍ നടത്തിയ പ്രചരണ പരിപാടിയാണ്.
ടീം 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' കഴിഞ്ഞ ദിവസം കേരളത്തിലെ നാല് കോളേജുകളാണ് സന്ദര്‍ശിച്ചത്. ടികെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എസ്എന്‍ പോളിടെക്നിക്, പെരുമണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, ടികെഎം കോളേജ് ഓഫ് എന്‍ജിനീയറിങ്. എല്ലാ കോളേജിലും പ്രിയ താരങ്ങളെ നിറ കൈയടിയോടെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ കോളേജില്‍ താരങ്ങള്‍ നടത്തിയ ആട്ടവും പാട്ടും ഓളം വയ്ക്കലും സമൂഹ മാധ്യമങ്ങളുലും ഹിറ്റായിരുന്നു.
ജിത്തു ജോസഫിന്റെ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'ക്ക് ശേഷം കാളിദാസ് ജയറാമും ജിസ് ജോയുടെ 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'.ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. മിഥുന് മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നു. രണദിവെ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.