മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. ഇത്രയും വര്‍ഷക്കാലം യാതൊരു പരിഭവങ്ങളും ഇല്ലാതെയാണ് ഇവരുടെ കുടുംബജീവിതം മുന്നോട്ട പോയത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലോക്ഡൗണില്‍ നിരവധി താരങ്ങളാണ് കൃഷിയിലേക്കും മറ്റു കാര്യങ്ങളിലേക്കും ഒക്കെ തിരിഞ്ഞത്. കാളിദാസും ലോക്ഡൗണില്‍ കൃഷിയിലേക്കാണ് തിരിഞ്ഞത്. വീട്ടിലെ വിശേഷങ്ങളും പാചകപരീക്ഷണങ്ങളുമൊക്കെ പങ്കുവച്ച് കാളിദാസ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് തങ്ങളുടെ വീട്ടിലെ പച്ചക്കറികള്‍ കൊണ്ടാണ് സദ്യയുണ്ടാക്കിയത് എന്ന് പറഞ്ഞ് കാളിദാസ് എത്തിയിരുന്നു. പച്ചക്കറി വിളവെടുപ്പ് നടത്തുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ലോക്ക് ഡൗണ്‍ കാലത്ത് താനും മകന്‍ കാളിദാസും ചേര്‍ന്ന് ചെന്നൈയിലെ വീട്ടുപരിസരത്ത് വിജയകരമായി നടത്തിയ പച്ചക്കറി കൃഷിയെക്കുറിച്ച് പറയുകയാണ് ജയറാം. ഏഷ്യാനെറ്റിനോടാണ് താരം തങ്ങളുടെ കൃഷി വിശേഷങ്ങള്‍ പങ്കുവച്ചത്.
ലോക്ക് ഡൗണിന്റെ ആദ്യ രണ്ടുമൂന്ന് ആഴ്ചകളില്‍ വീട്ടിനകത്തെ പണികളില്‍ പങ്കാളിയായെന്നും എന്നാല്‍ പിന്നീട് അത് മടുത്തതുകൊണ്ട് മറ്റെന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചുവെന്നും ജയറാം പറഞ്ഞു. 'മകനാണ് എന്നോട് ചെന്നൈയിലെ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം ആദ്യം പറയുന്നത്. സ്ഥലം കുറവായിരുന്നു. ഉള്ളസ്ഥലത്ത് ഭാര്യയുടെ പൂന്തോട്ടമായിരുന്നു. അത് കളഞ്ഞിട്ട് പച്ചക്കറി ചെയ്ത് നോക്കിയാലോ എന്ന് ആലോചിച്ചു. ഭാര്യ ആദ്യം സമ്മതിച്ചില്ല. പൂച്ചെടികളില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് പറഞ്ഞു. ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടിവന്നു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട്. മെയ് പകുതി മുതല്‍ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു. ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ഞങ്ങള്‍ക്ക് കിട്ടും. അടുത്തുള്ള വീടുകളില്‍ കൊടുക്കാനും കാണും', ജയറാം പറയുന്നു.
സംസ്‌കൃതഭാഷയിലുള്ള നമോ എന്ന സിനിമയാണ് ജയറാമിന്റേതായി ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുരാണത്തിലെ കൃഷ്ണ-കുചേല കഥയാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. കുചേലന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീരഭാരം കുറച്ചിരുന്നു താരം.