Latest News

ഉദ്ഘാടനത്തിന് അതിഥിയായി വിളിച്ച ശേഷം മുന്നറിയിപ്പില്ലാതെ പരിപാടി റദ്ദാക്കി; കാരണമായി പറഞ്ഞത് എന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ  ധാര്‍മിക  മൂല്യങ്ങള്‍ക്ക് എതിരെന്ന്; ഫാറൂഖ്  കോളേജിനെതിരെ നടപടിക്കൊരുങ്ങി കാതല്‍ സംവിധായകന്‍

Malayalilife
 ഉദ്ഘാടനത്തിന് അതിഥിയായി വിളിച്ച ശേഷം മുന്നറിയിപ്പില്ലാതെ പരിപാടി റദ്ദാക്കി; കാരണമായി പറഞ്ഞത് എന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ  ധാര്‍മിക  മൂല്യങ്ങള്‍ക്ക് എതിരെന്ന്; ഫാറൂഖ്  കോളേജിനെതിരെ നടപടിക്കൊരുങ്ങി കാതല്‍ സംവിധായകന്‍

കോഴിക്കോട് ഫാറൂഖ് കോളേജും വിദ്യാര്‍ത്ഥി യൂണിയനും അപമാനിച്ചതായി സംവിധായകന്‍ ജിയോ ബേബി. ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ഷണിച്ചുവരുത്തിയ ശേഷം തന്നെ മുന്‍കൂട്ടി അറിയിക്കാതെ അവസാന നിമിഷം പരിപാടി റദ്ദാക്കി. തന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ പറഞ്ഞു.

കോളേജിനെതിരെ ജിയോ ബേബി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. സംവിധായകനെ കോളേജിലെ ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു പരിപാടിയിലേയ്ക്ക് അതിഥിയായ ക്ഷണിച്ചിരുന്നു.
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളേജ് അധികൃതര്‍ ജിയോ ബേബിയെ വിളിച്ച് അറിയിക്കുന്നത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ കോളേജ് അധികൃതരുടെ അടുത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന് മാറ്റി വയ്ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ ഞാന്‍ കോളേജിലെ പ്രിന്‍സിപ്പാളിന് ഇമെയില്‍ അയച്ചെങ്കിലും മറുപടി കിട്ടിയില്ല. പിന്നെ പ്രിന്‍സിപ്പാളിന്റെ വാട്സാപ്പിലും ബന്ധപ്പെട്ടു. അവിടെ നിന്നും മറുപടി ലഭിച്ചില്ല. ഇതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജിന്റെ സ്റ്റുഡന്റ് യൂണിയന്റെ ഒരു കത്ത് കിട്ടി. അത് ഫോര്‍വേര്‍ഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.

ഫാറൂഖ് കോളേജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. ഇതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്‌നമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്.

മാനേജ്മെന്റ് എന്തുകൊണ്ട് ആ പരിപാടി റദ്ദ് ചെയ്‌തെന്നും കൂടി എനിക്ക് അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. ഇത്രയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കൊളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കും' - അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

അടുത്തിടെ  മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത പുറത്തിറങ്ങിയ 'കാതല്‍' എന്ന സിനിമ ഏറെ ചര്‍ച്ചയായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ പ്രണയമാണ് സിനിമയുടെ പശ്ചാത്തലം.  ചിത്രത്തിനെതിരെ ക്രൈസ്തവ സംഘടനങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. സ്വവര്‍ഗ പ്രണയത്തിന്റെ പ്രചാരണത്തിന് ക്രൈസ്തവ പശ്ചാത്തലം ഉപയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും സിനിമ ക്രൈസ്തവ വിരുദ്ധമാണെന്നും ജാഗ്രത കമ്മിഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു

Read more topics: # ജിയോ ബേബി
jeo baby against kozhikode farook college

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES