മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജീത്തു ജോസഫ്. അച്ഛന്റെ വഴിയും മകളും സിനിമ സംവിധാനത്തില്‍ ഒരു കൈ നോക്കുകയാണ്. ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തിയാണ് സംവിധായിക വേഷണിയുന്നത്. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഫോര്‍ ആലീസ് ഇന്ന് റിലീസ് ചെയ്യും. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30 നാണ് റിലീസ്
ബെഡ്ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. എസ്തര് അനില്‍, അഞ്ജലി നായര്‍, അര്‍ഷദ് ബിന്‍ അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ജീത്തു ജോസഫിനെ പോലെ തന്നെ കാത്തിയുടെ അമ്മയും സഹോദരിയും ഈ ചിത്രത്തില്‍ അണിയറയിലുണ്ട്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്നത് അമ്മ ലിന്‍ഡ ജീത്തുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സഹോദരി കാറ്റിന ജീത്തുവാണ്. സിനിമയുടെ സംഗീതം ഒരുക്കുന്നത് വിഷ്ണു ദാസാണ്.
അതേസമയം ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം നേര് തിയറ്ററുകളില്‍ മികച്ച വിജയമാണ് നേടുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നായിരുന്നു. ദൃശ്യം കൂട്ടുകെട്ട് ആയ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രത്തില്‍ വിജയമോഹന് എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്.
മലയാളത്തില്‍ അപൂര്‍വ്വമായ കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ എത്തിയ ചിത്രം സമീപകാലത്ത് ഏറ്റവും മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്. ജീത്തു ജോസഫാണെങ്കില്‍ തന്റെ സിനിമകളില്‍ നിരവധി പുതുമുഖങ്ങള്‍ക്കും ടെലിവിഷന്‍ കോമഡി പരിപാടികളിലെ താരങ്ങള്‍ക്കും തന്റെ സിനിമയില്‍ അവസരം കൊടുക്കാറുണ്ട്.