ജയസൂര്യ നായകനാവുന്ന പുതിയ ചിത്രം അപ്പോസ്തലന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ കെഎസ് ബാവ സംവിധാനം ചെയ്യുന്ന സിനിമ വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ്, ഹണി റോസ്, മിയ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടു.
കഥാപാത്രത്തെ കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ- 'ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാല്‍ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകന്‍ ബാവയും, നിര്‍മ്മാതാവ് അരുണ്‍ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോള്‍ ദൈവത്തോട് ഞാന്‍ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചതിന്. ഈ 'അപ്പോസ്തലന്‍' ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്. എല്ലാവര്‍ക്കും സമാധാനത്തിന്റെ ക്രിസ്മസ് ദിനാശംസകള്‍
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മാണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും തുടര്‍ന്ന് മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മലയാളത്തിലെ മറ്റു താരങ്ങള്‍ക്കൊപ്പം ഈജിപ്ത്, സിറിയ എന്നീ വിദേശ രാജ്യങ്ങളിലെ അഭിനേതാക്കളും പ്രധാന വേഷങ്ങളിലെത്തുന്നു.
അഡ്വെഞ്ചര്‍ ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തിന്റെ പ്രമേയം ഉരുത്തിരിയുന്നത് സിറിയയുടെ സമകാലീക രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ്.കെ എസ് ബാവയും, അന്‍വര്‍ ഹുസൈനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോബി രാജ് വര്‍ഗീസും മ്യൂസിക് നിര്‍വഹിക്കുന്നത് ഗോപി സുന്ദറും വിനു തോമസും ചേര്‍ന്നാണ്. പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശല്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യുംസ് പ്രവീണ്‍ വര്‍മ്മ, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.