മിമിക്രി രംഗത്തിലൂടെ മലയാള സിനിമാരംഗത്തിലേക്ക് എത്തിയ നടനാണ് ജയറാം. തന്റെ സിനിമകളിലും അദ്ദേഹത്തിന്റെ മിമിക്രി കടന്നുവന്നിട്ടുണ്ട്. പ്രേംനസീറാണ് ജയറാമിന്റെ മാസ്റ്റര്‍പീസ്. ഇപ്പോള്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ഒരു സ്‌പെഷ്യല്‍ വ്യക്തിക്കായി പ്രേംനസീര്‍ ആയിരിക്കുകയാണ് താരം. നടി ഷീലയ്ക്കുവേണ്ടിയാണ് ജയറാം പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചത്.
'ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?''- എന്നാണ് നസീറിന്റെ ശബ്ദത്തില്‍ ജയറാം ചോദിക്കുന്നത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന ഷീലയേയും വിഡിയോയില്‍ കാണാം. ഫ്‌ളൈറ്റില്‍ ഒന്നിച്ചിരുന്നാണ് ഇരുവരുടേയും യാത്ര. ജയറാം തന്നെയാണ് വിഡിയോ പങ്കുവച്ചത്.
ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഇരുവരും ഒന്നിച്ച സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രം ഓര്‍മ വന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. കൊച്ചുത്രേസ്യക്കൊച്ചും മാത്തുക്കുട്ടിച്ചായനും എന്നാണ് ചിലരുടെ കമന്റുകള്‍. രമേഷ് പിശാരടി, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവരും കമന്റുകളുമായി എത്തി.
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരമായി മാറിയിട്ടും മിമിക്രിയെന്ന കലാരൂപത്തെ ജയറാം മറന്നിട്ടില്ല. വേദികളിലും ടിവി പരിപാടികളിലുമൊക്കെ മിമിക്രി അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ താരം പാഴാക്കാറുമില്ല. പൊന്നിയിന്‍ സെല്‍വന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ നടന്‍ പ്രഭുവിനെയും മണിരത്‌നത്തെയും കാര്‍ത്തിയേയുമൊക്കെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.