പഴയ മുഖങ്ങളിൽ ഇന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കുഞ്ചൻ. കരിമ്പന, അങ്ങാടി, ഭൂകമ്പം, കോളിളക്കം, തടവറ തുടങ്ങിയ സിനിമകളിൽ ജയൻ എന്ന ഇതിഹാസ നായകന്റെ കൂടെ നല്ല വേഷങ്ങൾ ചെയ്യാൻ കുഞ്ചന് അവസരമുണ്ടായി. 'അങ്ങാടി'യിലെ 'പാവാട വേണം... മേലാട വേണം' എന്ന പാട്ട് സൂപ്പർ ഹിറ്റായപ്പോൾ അതിൽ അഭിനയിച്ച കുഞ്ചനും പ്രേക്ഷകമനസ്സിലെ സൂപ്പർ സ്റ്റാറായി.
പ്രേംനസീർ, ജയൻ, അടൂർ ഭാസി, വിൻസെന്റ്, കെ.പി. ഉമ്മർ തുടങ്ങിയ പ്രമുഖരോടൊപ്പം തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവരോടൊപ്പമെല്ലാം അഭിനയിച്ച കുഞ്ചനിപ്പോൾ മമ്മൂട്ടിയുടെ മകൻ മുതൽ പുതിയ തലമുറയിലെ പയ്യന്മാരുടെ കൂടെയും അഭിനയിക്കുന്നു. സിനിമയിൽ ഇപ്പോഴും സജീവമായ നടൻ ജയൻ എന്ന അതുല്യ കലാകരനൊപ്പമുള്ള അഭിനയജീവിതത്തെക്കുറിച്ച് കൗമുദി ടീവിക്ക് നല്കിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മരിക്കുന്നതിന് തൊട്ട് മുമ്പ് ജയൻ വീട്ടിൽ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ കോളിളക്കം ചില്ലറയായിരുന്നില്ലെന്നും വെളിപ്പെടുത്തുകയാണ് കുഞ്ചൻ. 'ഞാൻ സിനിമയിലേക്ക് വരുമ്പോൾ പരിചയപ്പെട്ട വ്യക്തിയാണ് ജയൻ. എന്നോട് വളരെ സ്നേഹപൂർവമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് പടങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു. ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് അദ്ദേഹം പോയത്.
അതു വല്യ വിവാദമായി. പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയൻ പ്രശ്നമുണ്ടാക്കി. അന്ന് അങ്ങനെ രൂപകിട്ടാനുള്ള മാർഗം പോലുമില്ല. അന്ന് മാൽക് എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുന്നിൽ വച്ച് പെട്ടി തുറന്നപ്പോൾ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളുമാണ് ഉണ്ടായിരുന്നത്'.