രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നതിനാല്‍ മലയാളികളും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ജയിലര്‍ക്ക് പാക്കപ്പ് ആയിരിക്കുകയാണ്. ഭീമന്‍ കേക്ക് മുറിച്ചായിരുന്നു രജനീകാന്ത് ചിത്രത്തിന്റെ പാക്കപ്പ് ആഘോഷമാക്കിയത്.
നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് പാക്കപ്പായ വിവരം പ്രേക്ഷകരെ അറിയിച്ചത്. വലിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. നടി തമന്നയും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും ഉള്‍പ്പടെ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഓഗസ്റ്റ് 10നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണിത്.
ജയിലര്‍ ഷൂട്ടിംഗ് റാപ്പിഡ് എന്നു എഴുതിയ കേക്കാണ് താരങ്ങള്‍ മുറിച്ചത്. ജയിലറിന്റെ ചിത്രീകരണം കഴിഞ്ഞു, ഇനി തിയേറ്ററില്‍ കാണാം എന്നാണ് പ്രൊഡക്ഷന്‍ ബാനറായ സണ്‍ പിക്ചേഴ്‌സ് ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.
മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, ഡോ. ശിവരാജ്കുമാര്‍, രമ്യകൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം.