നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്ഥാന ബഹുമതികളോടെയാകും സംസ്‌കാരം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.
750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 - ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2014ല്‍ ചാലക്കുടിയില്‍നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി ലോക്‌സഭാംഗമായ ഇന്നസെന്റ് ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറും 'അമ്മ'യുടെ പ്രസിഡന്റുമായിരുന്നു. 51 വര്‍ഷത്തിനിടെ എഴുനൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. പുറത്തിറങ്ങാനുള്ള 'പാച്ചുവും അത്ഭുതവിളക്കും' അവസാന ചിത്രം.
'മഴവില്‍ക്കാവടി'യിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇന്നസെന്റ് നിര്‍മ്മിച്ച 'വിടപറയുംമുമ്പേ', 'ഓര്‍മയ്ക്കായി' എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 'പത്താം നിലയിലെ തീവണ്ടി'യിലൂടെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളുംനേടി.
ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ജനനം. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ബോസ്‌കോ, എസ്എന്‍എച്ച് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1972ല്‍ 'നൃത്തശാല'യിലൂടെ സിനിമയില്‍ അരങ്ങേറി. ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 'ഇളക്കങ്ങള്‍', 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്,' 'ഒരു കഥ ഒരു നുണക്കഥ' തുടങ്ങിയ ചിത്രങ്ങള്‍ ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം നിര്‍മ്മിച്ചു.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് അഭിനയത്തില്‍ ഒരു കൈ പയറ്റാം എന്ന ധാരണയില്‍ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് തുടക്കം.. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടര്‍ന്ന് കര്‍ണാടകയിലെ ദാവണ്‍ഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരന്‍ സണ്ണി, കസിന്‍സായ ജോര്‍ജ്, ഡേവിസ് എന്നിവര്‍ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയില്‍ ഇന്നസെന്റ് സജീവമായി.
സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 മേയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.