മലയാളത്തില്‍ ഒരുകാലത്ത് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തി കയ്യടി നേടിയ താരമാണ് ഇന്ദ്രജ. എഫ്ഐആര്‍, ഉസ്താദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ദ്രജ പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു. സമീപകാലത്ത് തെലുങ്ക് സിനിമകളില്‍ നിറഞ്ഞ് നിന്ന നടി വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ്.12 സി എന്ന ചിത്രത്തിലാണ് ഇന്ദ്രജ അഭിനയിക്കുന്നത്. പതിനാല് വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്ന നടി വനിതയക്ക് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഇന്ദ്രജയ്ക്ക് മലയാള സിനിമയില്‍ ഏറ്റവും അടുപ്പമുണ്ടായിരുന്നത് അന്തരിച്ച നടന്‍ കലാഭവന്‍ മണിയോടായിരുന്നു. 'മലയാള സിനിമയില്‍ അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. സെറ്റില്‍ മണിച്ചേട്ടനെത്തിയാല്‍ ആകെ ഉത്സവമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. 'മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന്' ഇടയ്ക്ക് പറഞ്ഞു തന്നു.
സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞ് 'പാപനാശം' എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ കാണുന്നത്. അതില്‍ ഒരുപാടു ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാന്‍ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. പിന്നീടാണ് ആരോ 'RIP' എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാന്‍. പിന്നെ, ചാനലിലെ വാര്‍ത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം.' - ഇന്ദ്രജ പറഞ്ഞു.