അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ ഫഹദ് ഫാസിലും. മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക് ഒഫ് സിനിമയില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരുമിച്ചിട്ടുണ്ട്. വരത്തനുശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്രൊരു പ്രത്യേകത .
അഞ്ച് സുന്ദരികള്‍ , ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍നീരദും ഒരുമിക്കുന്നത്. ഷറഫുദ്ദീന്, ജ്യോതിര്‍മയി, വീണ നന്ദകുമാര്‍, സ്രിന്ധ എന്നിവരാണ് മറ്റു താരങ്ങള്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും.
സുഷിന് ശ്യാം ആണ് സംഗീത സംവിധാനം. ഇടുക്കി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അതേസമയം മഹേഷ് നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രത്തിലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരുമിക്കുന്നുണ്ട് .
ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആന്റോ ജോസഫും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് നിര്‍മ്മാണം. ആവേശം ആണ് റിലീസിന് ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം. രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ആവേശം കോമഡി എന്റര്‍ടെയ്നറാണ്. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗുണ്ടാ നേതാവായാണ് ഫഹദ് എത്തുന്നത്. മന്‍സൂര്‍ അലിഖാന്, ആശിഷ് വിദ്യാര്‍ത്ഥി, പ്രമുഖ മലയാളി ഗെയിമറും വ്ലോഗറുമായ ഹിപ്സ്റ്റര്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ് , ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആവേശം ഏപ്രില്‍ 11ന് റിലീസ് ചെയ്യും.