ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന് സംവിധാനം ചെയ്ത ചിത്രം 'പാച്ചുവും അദ്ഭുതവിളക്കും' ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകന് എം.എം.കീരവാണി രംഗത്തെത്തിയിരിക്കുകയാണ്.
ഫഹദിന് വാട്സാപ് വഴി മെസേജ് അയച്ചാണ് കീരവാണി അഭിനന്ദനം അറിയിച്ചത്. 'പ്രിയപ്പെട്ട പാച്ചു' എന്നു വിളിച്ചായിരുന്നു കീരവാണിയുടെ അഭിസംബോധന. പതിവു പോലെ തന്നെ പാച്ചു തന്റെ മനസ്സു നിറച്ചെന്നും സിനിമയുടെ പിന്നണിപ്രവര്‍ത്തകരെയെല്ലാം പ്രശംസിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.കീരവാണി ഫഹദിന് അയച്ച വാട്സ്ആപ് മെസേജിന്റെ സ്ക്രീന്‍ ഷോട്ട് അഖില്‍ സത്യന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട പാച്ചു, നീ നിന്റെ ഫാര്‍മസി സ്റ്റോര്‍ നേടിയെടുത്തു. ഹംസധ്വനിയെ സ്വന്തമാക്കി. എപ്പോഴത്തെയും പോലെ എന്റെ ഹൃദയവും നീ കീഴടക്കി. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മുഴുവന്‍ സമയവും ലൈലയെ എന്റെ ഭാര്യ സുധ മൂര്‍ത്തിയുമായും ഈ രാജ്യത്തെ അനവധി കുലീനകളായ സ്ത്രീകളുമായും താരതമ്യപ്പെടുത്തുകയായിരുന്നു ഞാന്‍. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍'- കീരവാണിയുടെ സന്ദേശം ഇങ്ങനെയായിരുന്നു.
സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. കഴിഞ്ഞ ദിവസം ഈ സിനിമ ഒ ടി ടിയില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മ്മിച്ചത്. ശരണ്‍ വേലായുധന് ഛായാഗ്രഹണവും ജസ്റ്റിന് വര്‍ഗീസ് സംഗീതവും കൈകാര്യം ചെയ്തു. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്,? വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്, അവ്യുക്ത് മേനോന് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന സിനിമ കലാസംഗം റിലീസാണ് തിയേറ്ററുകളിലെത്തിച്ചത്