2023ലെ ബിബിസി ടോപ്പ്ഗിയര്‍ പുരസ്‌കാരവും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. പെട്രോള്‍ഹെഡ് ആക്ടറിനുള്ള പുരസ്‌കാരമാണ് താരം നേടിയത്. താരം പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടോപ്പ്ഗിയര്‍ മാഗസിന്റെ 40 പുരസ്‌കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാ താരങ്ങള്‍ക്ക് നല്‍കുന്നത്. ഈ പുരസ്‌കാരമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്.
നടന് വാഹനങ്ങളോടുളള പ്രേമം വളരെ പ്രശസ്തമാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ തന്റെ ഗ്യാരേജിലുളള വാഹനങ്ങളെ പരിചയപ്പെടുത്തിയിരുന്നു.കാര്‍ പ്രേമി കൂടിയായ തനിക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നെന്നാണ് ദുല്‍ഖര്‍ പറയുന്നത്. തന്നെ പോലെ കാറിനോടും ബൈക്കുകളോടും ഇഷ്ടമുള്ള ഒട്ടനവധി ആളുകളെ പരിചപ്പെടാന്‍ സാധിച്ചെന്നും താരം പറയുന്നു. കുറിപ്പിനൊപ്പം സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്. വാഹനങ്ങളുടെ റിവ്യൂകളും മറ്റും പറയുന്ന പരിപാടിയാണ് ടോപ്പ് ഗിയര്‍. ഇതേ പേരില്‍ തന്നെ ഒരു മാസികയുമുണ്ട്.
അടുത്തിടെയായിരുന്നു ദാദാസാഹിബ് ഫാല്‍കേ പുരസ്‌കാരം ദുല്‍ഖറിന് ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുളള പുരസ്‌കാരമായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുല്‍ഖര്‍.
'ചുപ് 'എന്ന സൈക്കോളജിക്കല്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ദുല്‍ഖറിന് അവാര്‍ഡ് ലഭിച്ചത്. ആര്‍. ബല്‍കി ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്.
നിലവില്‍ 'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുടിയാണിത്. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്.