Latest News

കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 രാജ്യങ്ങളില്‍ ദൃശ്യം എത്തും; മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം ഹോളിവുഡിലേക്ക് എത്തിക്കാന്‍ പനോരമ സ്റ്റുഡിയോസ്

Malayalilife
 കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 രാജ്യങ്ങളില്‍ ദൃശ്യം എത്തും; മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം ഹോളിവുഡിലേക്ക് എത്തിക്കാന്‍ പനോരമ സ്റ്റുഡിയോസ്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ഇന്ത്യന്‍, ചൈനീസ് വിപണികളില്‍ വന്‍ വിജയം കൊയ്തതിന് ശേഷമാണ് ചിത്രം ഹോളിവൂഡിലെത്തുന്നത്. നേരത്തെ ദൃശ്യത്തിന്റെ കൊറിയന്‍ റീമേക്കും പ്രഖ്യാപിച്ചിരുന്നു.

റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്‌ചേഴ്‌സ് ജോറ്റ് ഫിലിംസുമായി കൈകോര്‍ത്തതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസില്‍ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. ഇപ്പോള്‍ കൊറിയന്‍ ഭാഷയില്‍ ചിത്രം തയ്യാറായികൊണ്ടിരിക്കുകയാണെന്നും സ്പാനിഷ് ഭാഷയില്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ അന്തിമമാക്കുകയാണെന്നും പനോരമ സ്റ്റുഡിയോസ് അറിയിച്ചു.

'ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്. 'ദൃശ്യം എന്ന സിനിമയ്ക്ക് ഒരു സമര്‍ത്ഥമായ ആഖ്യാനമുണ്ട്, അതിന് ലോകമെമ്പാടും കാഴ്ചക്കാരുമുണ്ട്. എല്ലാത്തരം പ്രേക്ഷകര്‍ക്കൊപ്പം ഈ കഥ ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഹോളിവുഡിനായി ഇംഗ്ലീഷില്‍ ഈ കഥ സൃഷ്ടിക്കാന്‍ ഗള്‍ഫ്‌സ്ട്രീം പിക്‌ചേഴ്‌സും JOAT ഫിലിംസുമായും സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 10 രാജ്യങ്ങളില്‍ ദൃശ്യം നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം', പനോരമ സ്റ്റുഡിയോസിന്റെ എം ഡി കുമാര്‍ മംഗത് പഥക് പറഞ്ഞു.


ദൃശ്യം മൂന്നാം തവണയാണ് അന്താരാഷ്ട്ര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. 'ഷീപ് വിതൗട്ട് ഷെപ്പേര്‍ഡ്' എന്ന പേരില്‍ ചിത്രത്തിന്റെ ചൈനീസ് പതിപ്പ് മുന്‍പ് പുറത്തിറങ്ങിയിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. ആദ്യ റിലീസ് മലയാള ഭാഷയിലായിരുന്നെങ്കിലും ഹിന്ദി ചിത്രത്തിന്റെ റീമേക്കെന്ന നിലയിലാണ് കൊറിയന്‍ പരിഭാഷ ഒരുങ്ങുന്നത്.2013 ല്‍ റിലീസ് ചെയ്ത ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2013ല്‍ ഇറങ്ങിയ ദൃശ്യം ഒന്നാം പതിപ്പ് തിയറ്ററില്‍ വന്‍ വിജയമാവുകയും കോടികള്‍ നേടുകയും ചെയ്തു. ത്രില്ലര്‍ ഫ്രാഞ്ചസി ചിത്രമായ ദൃശ്യം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ സിംഹളയിലും ചൈനീസിലും ചിത്രം റീമേക്ക് ചെയ്യുകയും വിജയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അജയ് ദേവ്ഗണും തബുവുമായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

drishyam to remake in hollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES