സിനിമയിലെ തര്‍ക്കത്തിന്റെ പേരില്‍ നിര്‍മാതാവും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ നിഷാദ് ഹസനെ കണ്ടെത്തി. ഇന്നലെയാണ് തൃശൂര്‍ കൊടകരയില്‍ നിന്ന് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ഭാര്യക്കൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്താന്‍ പോകുന്ന വഴിയാണ് നിഷാദിനെ ഗുണ്ടകള്‍ ചേര്‍ന്ന് കാറില്‍ നിന്ന് ഇറക്കിയ ശേഷം മര്‍ദ്ദിക്കുന്നത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന നിഷാദിന്റെ ഭാര്യ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെയും ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് നിഷാദിന്റെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ഒരു ദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ നിഷാദിനെ കണ്ടെത്തിയത്.
നിഷാദ് ഇപ്പോള്‍ ചികിത്സയിലാണെന്ന് പോലീസ് പറയുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.ഒപ്പമുണ്ടായിരുന്ന ഭാര്യയെ അടിച്ചുവീഴ്ത്തിയാണ് നിഷാദിനെ കാറില്‍ കടത്തിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. സംഭവത്തില്‍ പേരാമംഗലം പൊലീസ് കേസെടുത്തിരുന്നു. ആരോപണവിധേയനായ നിര്‍മാതാവിനെ കേന്ജ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പേരാമംഗലം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ്. മറ്റൊരു കാറിലെത്തിയ സംഘം നിഷാദിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. ആക്രമണത്തിനിടെ നിഷാദിന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിരുന്നു.നിഷാദ് സംവിധാനം ചെയ്ത പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം. 'വിപ്ലവം ജയിക്കാനുള്ളതാണ്' കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.