ആശാ ശരത്തിന്റെ മകളുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ. വിവാഹ വേദിയില്‍ ഉത്തരയേയും ആദിത്യനേയും പ്രിയപ്പെട്ടവരും താരങ്ങളും ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ വേദിയ്ക്ക് പുറത്ത് താരങ്ങളെ കാണാനുള്ള ആരാധകരുടെ ബഹളമാണ്. വധുവരന്മാര്‍ക്ക് ആശംസകളേകാന്‍ ചെറുതും വലുതുമായ നിരവധി പേരാണ് എത്തുന്നത്. ലാല്‍, മനോജ് കെ ജയന്‍, ബൈജു, നടി ശ്രീദേവി ഉണ്ണി, അനുമോള്‍, ദേവി ചന്ദന, ഭര്‍ത്താവ് കിഷോര്‍, നീനാ കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് ദിലീപും കാവ്യയുമാണ്.
അത്യാഢംബര കാറില്‍ വന്നിറങ്ങിയ താരദമ്പതികളെ ആദ്യം തന്നെ മാധ്യമങ്ങള്‍ പൊതിഞ്ഞിരുന്നു. വയലറ്റ് സാരിയണിഞ്ഞ് എത്തിയ കാവ്യയും ജുബ്ബയിട്ട് എത്തിയ ദിലീപിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ വച്ചാണ് ഉത്തരയുടെയും ആദിത്യന്റേയും പ്രൗഢഗംഭീരമായ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. താലികെട്ട് കഴിഞ്ഞ് റിസപ്ഷന്‍ തുടങ്ങിയ വേളയിലാണ് താരങ്ങള്‍ ഓരോരുത്തരായി മണ്ഡപത്തിലേക്ക് എത്തിയത്. വിഡി സതീശന്‍, ഹൈബി ഈഡന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ആശംസകളുമായി എത്തുന്നവരുടെയെല്ലാം കാലു തൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന വധൂ വരന്മാര്‍ അതിഥികളോടെല്ലാം ഭക്ഷണം കഴിച്ച ശേഷമേ മടങ്ങിപ്പോകാവൂ എന്നു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
തിരക്കൊഴിഞ്ഞ് ഉടന്‍ തന്നെ ആദിത്യന്റെ നാടായ മുംബൈയിലേക്ക് വധൂവരന്മാര്‍ മടങ്ങും. മുംബൈയിലെ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടക്കുക. ഈയിടെയാണ് ഖെദ്ദ എന്ന ചിത്രത്തിലൂടെ ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. 2021-ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍.