സംസ്ഥാന സര്‍ക്കാര്‍ സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍. ടിക്കറ്റില്‍ പത്ത് ശതമാനം വിനോദ നികുതി വര്‍ധനയുണ്ടാകുന്നത് സിനിമാ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സംവിധായകനും ഫെഫ്ക ഭാരവാഹിയുമായ ബി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ബജറ്റില്‍ ഇരട്ട നികുതിയാണ് ടിക്കറ്റിന് ഏര്‍പ്പെടുത്തിയതെന്നും ധനമന്ത്രിയുടേത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തീരുമാനം അംഗീകരിക്കാനാകില്ലെന്നും ജിഎസ്ടിക്ക് പുറമെയുള്ള നികുതി സിനിമാരംഗം തകര്‍ക്കാനെ ഉപകരിക്കുകയുള്ളൂ. ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ചലച്ചിത്ര സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകന്റെ വയറ്റത്തടിക്കുന്ന പണിയാണ് ഇതെന്നും സിനിമയുടെ പത്ത് ശതമാനം അധിക നികുതി പിന്‍വലിക്കണമെന്നും സംവിധായകന്‍ വ്യാസന്‍ കെ.പി. പ്രതികരിച്ചു.
മന്ത്രിയുടെ തീരുമാനത്തിനെതിരെ തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പത്ത് ശതമാനം വര്‍ധന സാധാരണക്കാരെ സംബന്ധിച്ചടത്തോളം വലിയൊരു തുകയായി മാറും. കുടുംബ പ്രേക്ഷകര്‍ തിയറ്ററില്‍ നിന്നും അകലും. ഈ തീരുമാനം മലയാളസിനിമയെ തകര്‍ക്കാനെ ഉപകരിക്കൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
സംവിധായകന്‍ സൈജു എസ്.എസ്.- സിനിമാ പ്രവര്‍ത്തകരുടെ വയറ്റത്തുള്ള ഒരടിയല്ലേ ഇത്? ഫാമിലി ഓഡിയന്‍സിന്റെ ഏറ്റവും താഴ്ന്ന പരിഗണനയുടെ താഴെതട്ടിലേക്ക് പോവും സിനിമ. ഇത്രയും നികുതി വരുമാനം തരുന്ന ഇന്‍ഡസ്ട്രിക്ക് ഇത് താങ്ങാവുന്നതിലും മേലെയാണ്.