ക്യാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. വ്യാജ പ്രചാരണമാണെന്ന് ചിരഞ്ജീവി അറിയിച്ചു. താരം ക്യാന്‍സറിന്റെ പിടിയിലാണെന്ന് വ്യാപകമായി പ്രചരിച്ചതോടെ ആരാധകര്‍ ആശങ്കയിലായിരുന്നു. ഇതോടെയാണ് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
ആന്ധ്രയില്‍ ഒരു ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് സംസാരിക്കുന്നതിനിടെ, ഒരിക്കല്‍ കോളന്‍ സ്‌കോപ്പ് പരിശോധന നടത്തിയപ്പോള്‍ ക്യാന്‍സര്‍ അല്ലാത്ത പോളിപ്‌സ് കണ്ടെത്തി നീക്കം ചെയ്തുവെന്ന് താരം പറഞ്ഞിരുന്നു. ഇതിനെ ചിലര്‍ തെറ്റായി വളച്ചൊടിച്ചുക്കുകയായിരുന്നുവെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു
ആദ്യം തന്നെ ടെസ്റ്റ് നടത്തിയില്ലായിരുന്നെങ്കില്‍ അത് ക്യാന്‍സറായി മാറുമായിരുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം. തനിക്ക് ക്യാന്‍സറല്ലെന്നും ക്യാന്‍സര്‍ അല്ലാത്ത പോളിപ്‌സ് ആണെന്നും നേരത്തെ കണ്ടെത്തി. ഇത് നീക്കം ചെയ്തതുവെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പോളിപ്സ് നേരത്തെ കണ്ടെത്തി നീക്കം ചെയ്തില്ലെങ്കില്‍ അത് ക്യാന്‍സറായി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു നാള്‍ മുമ്പ്, ഒരു കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ കാന്‍സറിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ സംസാരിച്ചു. പതിവായി വൈദ്യപരിശോധന നടത്തിയാല്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഒരു കോളന്‍ സ്‌കോപ്പ് ടെസ്റ്റ് നടത്തി, അതിനെ തുടര്‍ന്ന് ക്യാന്‍സര്‍ അല്ലാത്ത പോളിപ്സ് കണ്ടെത്തുകയും അത് നീക്കം ചെയ്യുകയും ചെയ്തു'' - ചിരഞ്ജീവി ട്വീറ്റ് ചെയ്തു. തെലുങ്കിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
അതുകൊണ്ട് എല്ലാവരും മുന്‍കരുതലുകള്‍ എടുക്കുകയും മെഡിക്കല്‍ ടെസ്റ്റുകള്‍/സ്‌ക്രീനിംഗ് നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത് ശരിയായി മനസ്സിലാക്കാതെ 'എനിക്ക് ക്യാന്‍സര്‍ വന്നു', 'ചികിത്സ കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്' എന്ന തരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇത് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചു. നിരവധി പേര്‍ എന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. അവരെല്ലാം സത്യാവസ്ഥ അറിയുന്നതിനാണ് ഈ കുറിപ്പ്. വിഷയം കൃത്യമായി മനസിലാക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും അദ്ദേഹം പറഞ്ഞു.
വാള്‍ട്ടയര്‍ വീരയ്യ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി അവസാനം പുറത്തിറങ്ങിയത്. ഭോലാ ശങ്കര്‍ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തമന്ന ഭാട്ടിയ ആണ് നായിക. കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി എത്തുന്നത