നടന് സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് നടി പൊലീസില്‍ പരാതി നല്‍കി. ഡി ജി പിക്ക് ഇമെയില്‍ മുഖേനെയാണ് പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
മ്യൂസിയം പോലീസാണ് ഇതില്‍ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ സിദ്ദിഖിനെതിരെ ചുമത്തിയിട്ടുണ്ട്. പോലീസിലെ പ്രത്യേക അന്വേഷണ സംഘമാകും കേസില്‍ തുടര്‍ നടപടികള്‍ എടുക്കുക.നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു.
നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പോക്സോ നിയമ പ്രകാരം സിദ്ദിഖിനെതിരെ കേസെടുക്കുമോ എന്ന ചര്‍ച്ച സജീവമായിരുന്നു. എന്നാല്‍ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബലാത്സംഗ കുറ്റവും ചുമത്തിയതിനാല്‍ സിദ്ദിഖിനെ പോലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജയില്‍ വാസം ഒഴിവാക്കാന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനിവാര്യതയാണ്.
ഗുരുതരമായ ആരോപണമാണ് പരാതിയിലുള്ളതെന്നാണ് സൂചന. നേരത്തെ നടി സിദ്ദിഖിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തു വന്നിരുന്നു. ''പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്-എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍
അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല.'' നടി സിദ്ദിഖിനെതിരെ തുറന്നടിച്ചത് ഇങ്ങനെയായിരുന്നു
തുടര്‍ന്ന് നടിക്കെതിരെ സിദ്ദിഖ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ സിദ്ധിഖ് പറഞ്ഞത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018 ല്‍ താന്‍ മോശമായ വാക്കുകള്‍ പ്രയോഗിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം.
സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാന്‍ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ലെന്നും സിദ്ദിഖിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതി പോലീസ് ഗൗരവത്തിലെടുത്തിട്ടില്ല. എങ്കിലും പീഡന പരാതിയുടെ ഭാഗമായി ഇതെല്ലാം പോലീസ് അന്വേഷിക്കും.
സിനിമയില്‍ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു.ഒടുവില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിദ്ധിക്കിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവര്‍ത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെയ്ക്കുകയായിരുന്നു.