Latest News

പൂനെയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്; വീട്ടിലെത്തിയപ്പോള്‍ തൊട്ട് നല്ല ചുമ; ഷൂട്ടിനായി വയനാട്ടിലേക്ക് പോന്നെങ്കിലും  ശ്വാസം മുട്ടുന്നു; ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് മമ്മൂട്ടി; കുറിപ്പുമായി സിനിമാ താരങ്ങളും രംഗത്ത്

Malayalilife
പൂനെയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്; വീട്ടിലെത്തിയപ്പോള്‍ തൊട്ട് നല്ല ചുമ; ഷൂട്ടിനായി വയനാട്ടിലേക്ക് പോന്നെങ്കിലും  ശ്വാസം മുട്ടുന്നു; ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് മമ്മൂട്ടി; കുറിപ്പുമായി സിനിമാ താരങ്ങളും രംഗത്ത്

ഴിഞ്ഞ 10 ദിവസങ്ങള്‍ ആയി കൊച്ചിയെ ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് സിനിമാ മേഖലയും. മമ്മൂട്ടിയും കുഞ്ചാക്കോബോബനും മഞ്ജു വാര്യരും  അടക്കമുള്ള താരങ്ങള്‍ വിഷയത്തില്‍ പ്രതികരണവുമായി സോഷ്യല്‍മീഡിയയില്‍ എത്തി.

ബ്രഹ്മപുരം വിഷയത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്ന് നടന്‍ മമ്മൂട്ടി കുറിച്ചു.കൊച്ചിക്കാര്‍ക്ക് ഇനിയും ശ്വാസംമുട്ടി ജീവിക്കാന്‍ കഴിയില്ല. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസം വലിച്ച് ജീവിക്കാന്‍ വയ്യെന്ന് അദ്ദേഹം ഒപറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൂട്ടിംഗിന് വേണ്ടി താന്‍ പൂനെയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ തൊട്ട് നല്ല ചുമ. ഇത് പതിയെ ശ്വാസം മുട്ടലായി. വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നൊക്കെയാണ് പലരോടും സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു.

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല അടുത്ത ജില്ലകളില്‍ വരെ പ്രശ്‌നമുണ്ട്. ബ്രഹ്മപുരത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള പരിഹാരം ഇവിടെയില്ലെങ്കില്‍ പുറത്തുനിന്നുള്ള നല്ല മാതൃകകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീപിടിത്തത്തിന്റെ ഉത്തരവാദി പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണംവിഷയത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിവിധി കണ്ടെത്തണമെന്നും മിഥുന്‍ പറഞ്ഞു. ജനങ്ങള്‍ ആരുടെ കൈയില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപറ്റിയിട്ടില്ലെന്നും സംവിധായകന്‍ കുറിച്ചു.......

എനിക്ക് ശ്വസിക്കാനാകുന്നില്ല' എന്ന വാചകത്തോടുകൂടിയ ചിത്രം നടന്‍ വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. നിരവധി ആരാധകരാണ് ഇതിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്....

അണുബോംബിനേക്കാളും മാരകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണെന്നും വരും തലമുറയെ നശിപ്പിക്കുന്ന തരത്തിലേക്ക് അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും മേജര്‍ രവി വിമര്‍ശിച്ചു.അവിടെയും ഇവിടെയുമൊക്കെ കാടുകത്തുമ്പോള്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ പഴംതിന്നുകൊണ്ടിരിക്കുകയാണോയെന്ന് മേജര്‍ രവി ചോദിച്ചു. എന്തെങ്കിലും കുറ്റം പറയാനായി നോര്‍ത്തിലേക്ക് നോക്കിയിരിക്കുന്ന കുറേ വര്‍ഗങ്ങളുണ്ട്, ഇവരൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല. സിനിമാ മേഖലയിലെ ചിലര്‍ കാറി കാറി സംസാരിക്കുമായിരുന്നു, ഇപ്പോള്‍ ഒരെണ്ണത്തിന്റേയും വായതുറന്നിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു..

പ്രതിഷേധവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പണിക്കരും രംഗത്തുവന്നു. ബ്രഹ്മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ തുറന്ന് സമ്മതിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ മുന്‍പും തീപിടിത്തം ഉണ്ടായിട്ടുണ്ട്. അത് പക്ഷെ ആരും ആരും അറിഞ്ഞില്ലെന്ന മാത്രം. ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ് രഞ്ജി പണിക്കര്‍ പറഞ്ഞു.

ഈ ദുരവസ്ഥ എന്ന് തീരും എന്നറിയാതെ കൊച്ചി നീറി പുകയുകയാണ്, ഒപ്പം നമ്മുടെ മനസ്സും - ഇതാണ് മഞ്ജു വാര്യര്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരോടും സൂക്ഷിക്കണം എന്നും ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാം കൃത്യമായി പാലിക്കണം എന്നുമാണ് ഇപ്പോള്‍ മഞ്ജു പറയുന്നത്. അതേസമയം ഈ വിഷയത്തില്‍ ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ മഞ്ജു ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്


ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പരിസര മലിനീകരണത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ തനിക്കുണ്ടായെന്ന് നടി ഗ്രേസ് ആന്റണി. ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് പ്രമുഖരായ സിനിമാതാരങ്ങളെത്തിയതിനു പിന്നാലെയാണ് ഗ്രേസ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുക ആരംഭിച്ച അന്ന് മുതല്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും തലവേദനയും കണ്ണ് നീറ്റലും ശ്വാസം മുട്ടലും ചുമയും തുടങ്ങിയെന്നും തീയണയ്ക്കാന്‍ പരിശ്രമിക്കുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിലെ ജനങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഗ്രേസ് പറയുന്നു.

''കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍.ഒന്ന് ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മളെ ഈ നിലയില്‍ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാന്‍ എന്റെ അവസ്ഥ പറയാം.പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങള്‍ അനുഭവിക്കുന്നതാണ്

അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ.ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കല്‍ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുയാണോ' ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോള്‍ അതും പോയിക്കിട്ടി.-ഗ്രേസ് ആന്റണി പറയുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ വിമര്‍ശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനുഷ്യന്‍ സകലതും വെട്ടിപ്പിടിച്ചതിന് ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ചു പ്രാണവായുവായിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്ന ആ അവകാശം കൂടി കൊച്ചിക്കാര്‍ക്ക് ഇല്ലാതായിരിക്കുകയാണെന്ന് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരുടെ അനാസ്ഥയായാലും അധികാരികള്‍ ഇതിന് മറുപടി പറയണമെന്നും അശ്വതി പറഞ്ഞു.

ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്കു മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിച്ചിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളില്‍, എല്ലാം നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങള്‍ ഉറങ്ങിയാല്‍, നാളെ ഉണരും എന്ന് എന്താണുറപ്പ് - അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രഹ്മപുരത്തെ ഇപ്പോഴത്തെ അവസ്ഥക്ക് ഉത്തരവികളെക്കൊണ്ട് കണക്കുബോധുപ്പിക്കണമെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബനും കുറിച്ചു. ഈസ്വര്‍ഗത്തെ നരകമാക്കി മാറ്റുകയാണെന്നും, ഇത് ചെകുത്താന്റെസ്വന്തം നാടായി മാറിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍  കുറപ്പില്‍ കുറ്റപ്പെടുത്തുന്നു. 

ദൈവത്തിന്റെ സ്വന്തം നാട് ഉണ്ടാക്കരുത്
ചെകുത്താന്റെ സ്വന്തം നാട്.!

നമ്മള്‍ ഈ സ്വര്‍ഗ്ഗത്തെ നരകമാക്കി മാറ്റുകയാണ്
പ്രകൃതിയുടെ സുഗന്ധം ആസ്വദിക്കുന്നതിനുപകരം, നമുക്കും ഭാവി തലമുറയ്ക്കും വേണ്ടി നമുക്ക് ലഭിക്കുന്നത് വായുവും വെള്ളവും കരയും നിറഞ്ഞ വിഷം നിറഞ്ഞ നരകമാണ് 

ബ്രഹ്മപുരത്ത് ഇതുവരെ എന്ത് സംഭവിച്ചു, ഇത്തരമൊരു ഗുരുതരമായ സംഭവത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ മുന്നോട്ട് കൊണ്ടുവന്ന് കണക്കുബോധിപ്പിക്കണം.

സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ തങ്ങളുടെ ആരോഗ്യവും ജീവിതവും പണയപ്പെടുത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ബന്ധപ്പെട്ട അധികാരികളോടും ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു!

'കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണം'; അഭ്യര്‍ഥനയുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും

 ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും പൃഥ്വിരാജും. ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശങ്ങള്‍ പങ്കുവച്ചായിരുന്നു പൃഥിരാജും ഉണ്ണിമുകുന്ദനും പ്രതികരിച്ചത്.
 

Read more topics: # ബ്രഹ്മപുരം
brahmapuram issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES