തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജിന് പെൺകുഞ്ഞ് പിറന്നു.അച്ഛനായ വിവരം ഫേസ്‌ബുക്കിലൂടെയാണ് ബിബിൻ പങ്കുവെച്ചത്. ഹാസ്യ ശൈലിയിലായിരുന്നു പെൺകുഞ്ഞ് പിറന്ന സന്തോഷം ബിബിൻ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചത്
'പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന് ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാൻ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു'വെന്ന് ബിബിൻ കുറിച്ചു
മലപ്പുറം സ്വദേശിനിയായ ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. 2018 മെയ് 20നായിരുന്നു ഇവരുടെ വിവാഹം. നാദിർഷ സംവിധാനം ചെയ്ത അമർ അക്‌ബർ അന്തോണി എന്ന വിജയ ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം കടന്നു വന്ന ബിബിൻ പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സൂപ്പർ ഹിറ്റുകൾക്കും വിഷ്ണുവിനൊപ്പം ചേർന്ന് തിരക്കഥ രചിച്ചു. ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലും ശ്രദ്ധയൂന്നിയ ബിബിൻ, ഒരു പഴയ ബോംബ് കഥയിൽ നായകനായും ഒരു യമണ്ടൻ പ്രേമകഥയിൽ വില്ലനായും തിളങ്ങി.