Latest News

ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെങ്കിലും ഞാന്‍ സമ്മതിച്ചു തരില്ല; കാരണം ഞാന്‍ പുരുഷനാണ്;വിവാഹ ബന്ധം പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല , പ്രശ്നം ഗുരുതരം തന്നെയാണ്; വിവാഹ വാര്‍ഷികദിനത്തില്‍ രസകരമായ കുറിപ്പുമായി ബാലചന്ദ്രമേനോന്‍

Malayalilife
ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെങ്കിലും ഞാന്‍ സമ്മതിച്ചു തരില്ല; കാരണം ഞാന്‍ പുരുഷനാണ്;വിവാഹ ബന്ധം പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല , പ്രശ്നം ഗുരുതരം തന്നെയാണ്; വിവാഹ വാര്‍ഷികദിനത്തില്‍ രസകരമായ കുറിപ്പുമായി ബാലചന്ദ്രമേനോന്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരവും രസകരവുമായി കുറിപ്പു പങ്ക് വച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. . പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനും ഒക്കെ എളുപ്പമാണെന്നും പക്ഷെ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല , പ്രശ്‌നം ഗുരുതരം തന്നെയാണെന്നും ബാലചന്ദ്ര മേനോന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ..

ഇന്ന് മെയ് 12. വേള്‍ഡ് ഹൈപ്പെര്‍ ടെന്‍ഷന്‍ ഡേ ആണത്രെ ! കോളജ് ഫലിതങ്ങളില്‍ ഒന്ന്, ബിപി ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ അര്‍ഥം 'ഭാര്യയെ പേടി' എന്നാണ്. പിന്നെ ഇന്ന് മെയ് 12. ലോക നഴ്സ് ദിനം ആണത്രെ !

ഒരു നല്ല ഭാര്യ ഒരു നല്ല നഴ്സ് ആയിരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റുന്നു പറയാനാവില്ല. തീര്‍ന്നില്ല. ഇന്ന് മെയ് 12. എന്റെ സോറി , ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണത്രെ ! എത്രാമത്തെയാണെന്നോ, അതറിഞ്ഞു സുഖിക്കണ്ട. പതിറ്റാണ്ടുകള്‍ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാല്‍ മതി.


 
ഞാന്‍ ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍; ഉണ്ടെങ്കിലും ഞാന്‍ സമ്മതിച്ചു തരില്ല. കാരണം ഞാന്‍ പുരുഷനാണ്. വരദ നഴ്‌സിനെ പോലെയാണോ എന്ന് ചോദിച്ചാല്‍, ആവശ്യം വന്നാല്‍ നഴ്സ് തോറ്റു പോകും എന്ന് കെട്ടിയോനായ ഞാന്‍ പറയുന്നത് ഭാര്യയെ പേടിച്ചിട്ടാണ് എന്ന് കരുത്താതിരിക്കുക. ഇതുവരെയുള്ള ദാമ്പത്യ ബന്ധം ഒന്ന് വിലയിരുത്തിയാല്‍ പണ്ട് കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത് പോലെ 'ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം അങ്ങ് പോകുന്നു എന്ന് പറയാം. ഒന്ന് പറഞ്ഞേ പറ്റൂ. പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനും ഒക്കെ എളുപ്പമാ. പക്ഷേ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല , പ്രശ്‌നം ഗുരുതരം തന്നെയാണ്..' (ഈ പ്രയോഗങ്ങള്‍ എങ്ങോ കേട്ടതുപോലെ, അല്ലെ?)

ഞാനും ഭാര്യയും പുതു വസ്ത്രങ്ങള്‍ അണിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ട ഒരു പത്ര പ്രവര്‍ത്തകന്‍ പണ്ടെങ്ങോ വരദയോട് ഒരു ചോദ്യം ചോദിച്ചു: മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് ?
 
വരദ രൂക്ഷമായി എന്നെ നോക്കി. ഞാന്‍ വിഷമിച്ചു. എന്തെന്നാല്‍. കഴിഞ്ഞു പോയ രാത്രിയില്‍ ഏതോ 'കച്ചട' കാര്യത്തിന്റെ പേരില്‍ കുടുംബ കോടതിയില്‍ വച്ചു കാണാം എന്ന് ഞാന്‍ പറഞ്ഞത് എനിക്ക് ഓര്‍മ വന്നു. എന്നാല്‍ വരദയുടെ മറുപടി കലക്കി. എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവള്‍ പറഞ്ഞു. 'അത്.. ചന്ദ്രേട്ടന്‍ ഓന്താണ്..'

ഇപ്പോള്‍ ഞാന്‍ അവളെ പരുഷമായി നോക്കി. അപ്രിയ സത്യങ്ങള്‍ പറയരുത് എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞത് ഇവള്‍ മറന്നു പോയോ ? ഓന്തായ ചന്ദ്രേട്ടന്‍ മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും. അയ്യോ ..എന്തു കഷ്ടമാണ്, പത്രക്കാരന്‍ എരിതീയില്‍ എണ്ണ ഒഴിച്ചു കൊടുത്തു. പത്രക്കാരന്റെ തനി ഗുണം.

അതു കൊണ്ടു എനിക്കു കൊഴപ്പമില്ല..'ചിരിച്ചുകൊണ്ട് വരദ തുടര്‍ന്നു .. 'കാരണം , ഞാന്‍ അരണയാണ് ....എല്ലാം അപ്പപ്പം മറക്കും.. എന്നിട്ടു സെല്‍ഫി എടുക്കും.'

balachandra menon fb post about wedding day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES