സംഗീതജ്ഞന്‍ ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ്. ഇതുവരെ വന്ന വാര്‍ത്തകള്‍ മുഴുവന്‍ പറഞ്ഞത് വാഹനാപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ലക്ഷ്മി മൊഴി നല്‍കിയെന്നാണ്. എന്നാല്‍ ലക്ഷ്മി ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് ആറ്റിങ്ങള്‍ ഡി.വൈ.എസ്.പി വ്യക്തമാക്കുന്നത്. അതേ സമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന തരത്തില്‍ സാക്ഷി മൊഴികളും വന്നിട്ടുണ്ട്.
അപകടസമയത്ത് മയക്കത്തില്‍ ആയതിനാല്‍ ആരാണ് വാഹനം ഓടിച്ചത് തനിക്കറിയില്ലെന്നാണ് ലക്ഷ്മി മൊഴി പൊലീസിനു മൊഴി നല്‍കിയത്. എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മിക്ക് ഇപ്പോഴും വ്യക്തമല്ല. ഇതാണ് ഇപ്പോഴുള്ള പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
മംഗലപുരം പൊലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ലക്ഷ്മിയുടെ മൊഴിയുടെ പേരിലുള്ളത് സഹോദരന്റെ മൊഴിയാണ്. ഈ മൊഴിയിലാണ് സംഭവസമയത്ത് ഡ്രൈവര്‍ അര്‍ജുന്‍ ആണ് കാര്‍ ഓടിച്ചത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ലക്ഷ്മിക്ക് വേണ്ടി സഹോദരന്‍ നല്‍കിയ മൊഴിയിലാണ് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന വിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ലക്ഷ്മി മൊഴി നല്‍കിയിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.അനില്‍കുമാറും സ്ഥിരീകരിച്ചു.
സംഭവസമയത്ത് അവിടെ എവിടെയും ഉണ്ടാകാത്ത സഹോദരന്റെ മൊഴിയാണ് ലക്ഷ്മിയുടെ മൊഴിയായി പ്രചരിക്കുന്നത്. ലക്ഷ്മിക്ക് വേണ്ടിയാണ് സഹോദരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയിലാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ഉള്ളത്.
എന്നാല്‍ അപകടം നടന്ന ശേഷം മംഗലപുരം പൊലീസ് എഴുതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉള്ളത് കാര്‍ ഓടിച്ചത് ആരെന്നു ഇനിയുള്ള അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട് എന്നാണ്. അതേ സമയം സാക്ഷിമൊഴി നല്‍കിയ കൊല്ലം സ്വദേശിയായ യുവതിയിയും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സമീപവാസികളും പറയുന്നത് ബാലുവിനെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് വെട്ടിപ്പൊളിച്ചെടുക്കുകയാണെന്നാണ്. ലക്ഷ്മിയും മകളും മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും സാക്ഷി മൊഴിയില്‍ പറയുന്നു.
ഇതോടെ പോലീസും ആശയക്കുഴപ്പത്തിലാണ്
അതേസമയം ഇപ്പോള്‍ പുറത്തു വന്ന സാക്ഷിമൊഴികള്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന മൊഴികള്‍ അങ്ങിനെ പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ പറയുന്നത്. കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് സാക്ഷിമൊഴികള്‍ ഉണ്ട്. എന്നാല്‍ കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നും സാക്ഷിമൊഴികളില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ആരാണ് കാര്‍ ഓടിച്ചത് എന്ന് വ്യക്തമാകേണ്ടത്. ആ രീതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് നീങ്ങുന്നത്-ഡിവൈഎസ്പി പറയുന്നു.
അപകട സമയത്ത് വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസ് ഇപ്പോള്‍ ആദ്യം ശ്രമിക്കുന്നത്. ഈ കാര്യത്തിലുള്ള ദുരൂഹത നീക്കാനാണ് പൊലീസിന്റെ ശ്രമം. ഈ കാര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി നിര്‍ണ്ണായകമായി മാറും. അതേസമയം ഡ്രൈവര്‍ അര്‍ജുന്റെ പശ്ചാത്തലം വിവാദമായ സാഹചര്യത്തില്‍ ആ കാര്യവും പൊലീസ് വിശദമായി പരിശോധിക്കും.
ഒപ്പം പാലക്കാട് വെള്ളിനേഴി മനയ്ക്ക് സമീപമുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയായ പൂന്തോട്ടത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആശുപത്രിയെ കുറിച്ച് പരാമര്‍ശിക്കുന്നതിനാലാണ് ഈ കാര്യത്തില്‍ അന്വേഷണം നടക്കുന്നത്.