മലയാള സിനിമയില്‍ മറ്റൊരു അത്ഭുതമായിരിക്കുകയാണ് ജിതു മാധവന്റെ ആവേശം. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച്ച തികയുമ്പോഴേക്കും 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.വെള്ള ഷര്‍ട്ടും പാന്റ്സും കൂളിംഗ് ഗ്ലാസും കഴുത്തിലെ ചെയിനുകളും കയ്യിലെ റാഡോ വാച്ചും വളകളുമെല്ലാമാണ് ഈ ലുക്കിന്റെ പ്രത്യേകത.
ഇപ്പോഴിതാ ഫഹദിന്റെ വസ്ത്രാലങ്കാരത്തിന് പിന്നിലെ കാര്യങ്ങള്‍ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ പങ്ക് വച്ചതാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.ഏകദേശം 60 പവന്‍ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്. മുഴുവന്‍ ആഭരണങ്ങളും സ്വര്‍ണത്തില്‍ പണിയിപ്പിച്ചതാണ്. വെള്ള വസ്ത്രത്തിനിണങ്ങുന്ന സ്‌റ്റൈല്‍ കൊണ്ടുവരാനാണ് ഹെവി ജുവലറി ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്.
കഥാപാത്രത്തിന് വേണ്ടി ഫഹദ് കാത് കുത്തി. മരതകം പതിപ്പിച്ച കമ്മലാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം മരതകം പതിപ്പിച്ച ഒരു ചെയിനുമുണ്ടായിരുന്നു. രങ്കണ്ണന്റെ വാഹനമായ പച്ച ക്വാളിസിനോട് മാച്ച് ആവാനാണ് മരതകം ഉപയോഗിച്ചത്. ഇതിനൊപ്പം റാഡോയുടെ വിന്റേജ് ക്ലാസിക് മോഡല്‍ ഗോള്‍ഡന്‍ വാച്ചും കൈനിറയെ മോതിരങ്ങളും ഉണ്ടായിരുന്നു', മഷര്‍ പറഞ്ഞു.
രങ്കണ്ണന്‍ ധരിച്ച പെന്‍ഡന്റുകളും ഒപ്പം കൊണ്ടുനടന്നിരുന്ന മിനിയേച്ചര്‍ കത്തികളുമെല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്തെടുത്തതാണ്. ഫഹദിന്റെ പേഴ്സണല്‍ മാനേജര്‍ ഷുക്കൂറിനായിരുന്നു സെറ്റില്‍ ആഭരണങ്ങളുടെ ചുമതല. എല്ലാം പെട്ടിയിലാക്കി അദ്ദേഹത്തെയാണ് ഏല്‍പ്പിച്ചിരുന്നത്. സെറ്റില്‍ വരുമ്പോള്‍ പെട്ടി കോസ്റ്റ്യൂം വിഭാഗത്തെ ഏല്‍പ്പിക്കും. ഷൂട്ട് കവിയുമ്പോള്‍ അതുപോലെ തിരികെ കൊടുക്കുകയും ചെയ്യും. ഇത്രയും സ്വര്‍ണം കോസ്റ്റ്യൂം വാനില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണിത്. ഷൂട്ട് കഴിഞ്ഞ ശേഷം സ്വര്‍ണമെല്ലാം പ്രൊഡക്ഷനില്‍ തിരികെ ഏല്‍പ്പിച്ചെന്നും മഷര്‍ പങ്ക് വച്ചു.