ഫഹദ് ഫാസിലും സായ് പല്ലവിയും നായികാനായകന്മാരായി നവാഗതനായ വിവേക് ഒരുക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രമാണ് അതിരന്‍. സംവിധായകന്‍ വിവേക് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഊട്ടിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ സായ് പല്ലവിയുടെ ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലിയായിരുന്നു സായ് പല്ലവി അവസാനം അഭിനയിച്ച മലയാള ചിത്രം.
സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്‌നിഷ്യന്‍സിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി ക്കൊണ്ട് കുറിച്ചു. ചിത്രം ഏപ്രില്‍ മാസം തീയറ്ററുകളില്‍ എത്തും.