ഇന്നസെന്റിനെക്കുറിച്ച് അറിയാവുന്നവരും സഹപ്രവര്‍ത്തകരുമടക്കം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടുന്നുണ്ട്. ഇപ്പോഴിതാ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി അരുന്ധതി. ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചതിന്റെയും ആ സമയത്ത് വ്യക്തിപരമായി തന്നെ സ്വാധീനിച്ചതിന്റെയും ഓര്‍മ്മ പങ്കിടുകയാണ് അഭിനേത്രിയായ അരുന്ധതി ബി.
2011ല്‍ പുറത്തിറങ്ങിയ മോഹന്‍ ലാല്‍ ചിത്രമായ 'സ്‌നേഹവീട്'ലാണ് അരുന്ധതി ഇന്നസെന്റിനൊപ്പം അഭിനയിച്ചത്. ഇന്നസെന്റിന്റെ മകളായാണ് അരുന്ധതി ചിത്രത്തില്‍ വേഷമിട്ടിരുന്നത്.
പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴും തന്നെ ആദരവോടെ ഒരു വ്യക്തിയായി പരിഗണിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തോടൊപ്പം ചിലവിട്ട ഇരുപത് ദിവസങ്ങള്‍ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമായെന്നും അരുന്ധതി കുറിക്കുന്നു.
കുറിപ്പ് ഇങ്ങനെ:
ഉച്ചയായിട്ടും ഒരു വാട്‌സാപ് സ്റ്റേറ്റസ് പോലും കാണാതിരുന്നപ്പൊ അച്ഛന്‍ മെസേജ് അയച്ചു 'നീ എന്താ ഒന്നും എഴുതാത്തത്'. അറിയില്ല അച്ഛാ എന്താ എഴുതേണ്ടതെന്ന്. എഴുത്തിന് വഴങ്ങാതെ നില്‍ക്കുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍. ഒരു പതിനേഴുകാരിയുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമാകാന്‍ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്.
അപ്പനും മകളുമായി അഭിനയിക്കുന്നതുകൊണ്ട് ഒന്നിച്ച് കുറെ നേരം കിട്ടി ഞങ്ങള്‍ക്ക്. ഇടവേളകളില്‍ എപ്പോഴും അടുത്തിരിക്കാന്‍ കസേര നല്‍കും, വായിച്ച പുസ്തകങ്ങളെക്കുറിച്ച്, ഇഷ്ടമുള്ള മനുഷ്യരെക്കുറിച്ച്, എന്തിനെപ്പറ്റിയും നിറയെ വര്‍ത്തമാനം പറയാന്‍ പ്രോത്സാഹിപ്പിക്കും.
മിക്കപ്പോഴും അദ്ദേഹം മടങ്ങുന്ന വണ്ടിയില്‍ കൂടെക്കൂട്ടും. സിനിമ സെറ്റ് പോലെ ശ്രേണീബദ്ധമായ ഒരു സ്ഥലത്ത് പതിനേഴ് വയസ്സുള്ള ആളെ തന്നോളം പോന്ന വ്യക്തിയായി കാണാനുള്ള വലിപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഒരു ദിവസം സെറ്റിലെത്തിയപാടെ സര്‍ എന്നോട് ചോദിച്ചു 'നിനക്ക് വല്ലതും അറിയാമോ ദയ ബായി എന്ന ആളെപ്പറ്റി? അറിയുന്നതൊക്കെ പറയ് കേള്‍ക്കട്ടെ'. ലൊക്കേഷന് അടുത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. ദയ ബായി ആണത്രെ മുഖ്യാതിഥി. സ്മാര്‍ട് ഫോണിന് മുന്‍പുള്ള കാലമാണ്. ആഴ്ചപ്പതിപ്പിലും പത്രത്തിലുമൊക്ക വായിച്ചിട്ടുള്ള വിവരങ്ങള്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ ധാരണകളാവും ഞാന്‍ പറഞ്ഞിട്ടുണ്ടാവുക.
കുറച്ചുകഴിഞ്ഞ് ഇന്നസെന്റ് സര്‍ വീണ്ടും വന്നു. 'നീ കഷ്ടപ്പെട്ട് ഇത്രയൊക്കെ എന്നെ പഠിപ്പിച്ചതല്ലേ നീയും വാ പരിപാടിക്ക്' എന്ന് ചിരിച്ചു. ആ ചിരി അന്നുമുതല്‍ ഹൃദയത്തില്‍ പതിഞ്ഞുകിടക്കുന്നു.അന്നാ വേദിയില്‍, ആ കുട്ടിയെ കൂടെക്കൂട്ടുക മാത്രമല്ല, പ്രസംഗത്തില്‍ അവളെപ്പറ്റി പറയുകയും, സംഘാടകര്‍ നല്‍കിയ സമ്മാനം ആ പെണ്‍കുട്ടിക്ക് കൊടുക്കുകയും ചെയ്തു ശ്രീ ഇന്നസെന്റ്. വീട്ടിലെ ലിവിങ് ഏരിയയുടെ ചുമരില്‍ ഇപ്പോഴും ആ സമ്മാനമുണ്ട്.
മുന്നോട്ടുള്ള കരിയര്‍ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്ന ഒരു കൗമാരക്കാരിക്ക് തെളിച്ചം കൊടുത്തത് ഇന്നസെന്റ് സാറാണ്. അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു academia ആണ് ഞാന്‍ പോകേണ്ട വഴിയെന്ന്. എന്റെ അച്ഛനോടും അമ്മയോടും അദ്ദേഹം അത് ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുകയും ചെയ്തു.
വിട പറയുന്നില്ല, സര്‍. എല്ലാക്കാലവും ആദരവോടെ ഓര്‍ത്തുകൊണ്ടേയിരിക്കും...'' ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും കുറിപ്പിനൊപ്പം അരുന്ധതി പങ്കുവച്ചിട്ടുണ്ട്.