പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. ആദ്യ മലയാള ചിത്രത്തിന് ശേഷം തെലുങ്കു സിനിമയിലൂടെ തിളങ്ങിയ അനുപമ ദുൽഖറിന്റെ നായികയായിട്ടാണ് ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്.ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അനുപമ മലയാളത്തിലേക്ക് തിരിച്ചു എത്തുകയാണ്. എന്നാൽ ഇത്തവണ നായികയായിട്ടല്ല നടിയെത്തുക. ദുൽഖുർ ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്റ്ററായി സംവിധാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് താരം.
ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സഹസംവിധായികയായിട്ടാണ് അനുപമയുടെ തിരിച്ചു വരവ്.താൻ പുതിയ റോളിൽ മലയാളത്തിലേക്ക് മടങ്ങിയെത്തിയ വിവരം അനുപമ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. 'ഒരു പുതിയ തുടക്കം. ദുൽക്കറിന്റെ പുതിയ നിർമ്മാണ സംരംഭമായ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി. ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീര ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വഴിയെ പറയാം. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാവണം.' ചിത്രം പങ്കുവെച്ച് അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അനുപമയ്ക്ക് അഭിനന്ദവനുമായി ദുൽഖറും രംഗത്തെത്തി. 'എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ശരിക്കും അസിസ്റ്റന്റ് ആയോ! നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി.' ദുൽഖർ കമന്റ് ബോക്സിൽ കുറിച്ചു. ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം നവാഗതനായ ഷംസുവാണ് സംവിധാനം ചെയ്യുന്നത്. ഗ്രിഗറിയാണ് ചിത്രത്തിൽ നായകൻ.
ഗ്രിഗറി ജേക്കബ് ആണ് ചിത്രത്തിലെ നായകൻ. 'എബിസിഡി മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുൽഖറിന്റെ പ്രിയ സുഹൃത്തുമാണ്. ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്.നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. നിഖില വിമൽ, അനു സിതാര എന്നിവർക്കൊപ്പം അനുപമ പരമേശ്വരനും ചിത്രത്തിലുണ്ട്. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ് ആലുവയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.