നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയെ മര്‍ദ്ധിച്ച സംഭവത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം തള്ളി ജോണ്‍ ആന്റണിയും കുടുംബവും. തന്നെക്കുറിച്ച് അപവാദ പ്രചരണങ്ങളാണ് അദ്ദേഹം നടത്തി വിടുന്നതെന്നും സെറ്റിലെ ഒരു പെണ്‍കുട്ടിയുമായി തനിക്കുണ്ടായ അടുപ്പം ഇഷ്ടപ്പെടാത്തതിനാല്‍ പ്രകോപിതനായിട്ടാണ് റോഷന്‍ തന്നെ വീട്ടില്‍ കയറി ഉപദ്രവിച്ചതെന്നും ആല്‍വിന്‍ ആന്റണി പറയുന്നു.
പ്രശ്‌നം രമ്യതയില്‍ എത്തിക്കാം എന്ന് പറഞ്ഞാണ് അവര്‍ വന്നത് പക്ഷേ, വന്നതിന് ശേഷം റോഷന്റെ പ്രകൃതം മാറുകയായിരുൂന്നെന്നും ആല്‍വിന്‍ ആന്റണി പറയുന്നു. സമവായ ചര്‍ച്ചയ്ക്ക് മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ സുഹൃത്തായ ഡോക്ടറെക്കൂടി റോഷന്‍ ഇവിടേക്ക് വരാന്‍ ഫോണില്‍ വിളിച്ചു നിര്‍ദ്ദേശിച്ചിരുന്നു. മുമ്പ് ഒരു തവണ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നു. അ്ന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതുകൊണ്ടാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രണ്ടാമതും അവസരം ഒരുക്കിയത്.
ഇതിന്‍ പ്രകാരം ഡോക്ടര്‍ കൂടി ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെത്തി. 12.05 ആയപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ ഇവര്‍ താമസിക്കുന്ന മുറിയിലേക്ക് റോഷനും സുഹൃത്തുക്കളായ സുശീല്‍, നവാസ് എന്നിവരും വന്നു. സൗമ്യമായിട്ടാണ് റോഷന്‍ ആദ്യം പെരുമാറിയത്. ഈ സമയം വീട്ടില്‍ ആല്‍വിന്‍ ആന്റണിയും ഭാര്യ എഞ്ചലീന ആന്റണിയും ഏഴാംക്ലാസ്സുകാരിയായ മകളും മകന്റെ സുഹൃത്തായ ഡോക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
റോഷന്റെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയെ നേരത്തെ തന്നെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. സംസാരത്തിനിടയില്‍ മകനെ കാണണമെന്ന് റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു. മകനിവിടെ ഇല്ലെന്നും എവിടെ പോയിരിക്കുവാണെന്ന് അറിയില്ലെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു.
ഇതോടെ, മകന്റെ സുഹൃത്തായ ഡോക്ടറുടെ നേരെ തിരിഞ്ഞ് അവന്‍ എവിടെയാണ് എന്ന് ചോദിച്ചു. ഡോക്ടര്‍ അപ്പോള്‍ തനിക്കറിയില്ല എന്നു പറഞ്ഞു. ഇതോടെ അതുവരെ സൗമ്യമായി സംസാരിച്ചിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ മുഖഭാവവും ശബ്ദവും മാറി. ഡോക്ടര്‍ക്ക് അറിയാം അവന്‍ എവിടെയുണ്ടെന്ന് എന്നായി സംസാരം. ഡോക്ടറെ അങ്ങ് പൊക്കുവാ. ഡോക്ടറെ പൊക്കിയാല്‍ അവന്‍ എവിടെയുണ്ടെങ്കിലും പറന്നുവരും എന്നു പറഞ്ഞ് കൊണ്ട് താഴേക്ക് പോയി ഒപ്പം വന്ന ഗുണ്ടകളെ വീട്ടിലേക്ക് വിളിച്ചു കയറ്റി.
ഇതോടെ, ഇരുപത്തഞ്ചോളം ഗുണ്ടകള്‍ വീട്ടിനകത്തേക്ക് ഇരച്ചു കയറുകയും ഡോക്ടറെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്തു. എതിര്‍ത്ത ഡോക്ടറെ റോഷന്‍ ആദ്യം ഇടതു ചെകിട്ടത്ത് അടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിച്ചു താഴെയിട്ടു. ഇതോടെ പേടിച്ചരണ്ട ഏഞ്ചലീനയും ആല്‍വിന്‍ ആന്റണിയും മകളും ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഏഞ്ചലീനയ്ക്കും മകള്‍ക്ക് നേരെയും റോഷന്‍ ആന്‍ഡ്രൂസ് അതിക്രമം കാട്ടി. അവരെ പിടിച്ചു തള്ളി. ഈ സമയം ഡോക്ടറെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ക്രൂര മര്‍ദ്ദനം തുടര്‍ന്നു ഗുണ്ടകള്‍.
പ്രശ്നം വഷളാകുമെന്ന് കണ്ടതോടെ ഏഞ്ചലീന മകളെ ഒരു റൂമിലേക്ക് പിടിച്ചു കയറ്റി. പിന്നീട് ഡോക്ടറുടെ കൈയില്‍ പിടിച്ചു അകത്തേക്ക് വലിച്ചു. എന്നാല്‍ ഗുണ്ടകള്‍ ഡോക്ടറുടെ കാലില്‍ പിടിച്ചു വലിച്ച് പുറത്തേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ വേഗം തന്നെ ഡോക്ടറെ അവര്‍ റൂമിലേക്ക് വലിച്ചു കയറ്റി വാതില്‍ അകത്ത് നിന്നും പൂട്ടി. ഇതോടെ ഗുണ്ടകള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആല്‍വിന്‍ ആന്റണി പൊലീസിനെ വിളിച്ചു വരുത്തുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞതോടെയാണ് റോഷന്‍ ആന്‍ഡ്രൂസും ഗുണ്ടകളും പിന്‍വാങ്ങിയത്. തിരിച്ചു പോകുന്നതിനിടയില്‍ മകനെതിരെ സഹസംവിധായികയായ തന്റെ സുഹഡത്തിനെ കൊണ്ട് പീഡന പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, അക്രമം നടന്ന വിവരം ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്ഥലത്തെത്തുകയും മര്‍ദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇന്ന് രാവിലെ സൗത്ത് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി മൊഴി എടുത്തു. അക്രമത്തില്‍ വീടിനുള്ളിലെ ഗ്ലാസ്സുകള്‍ പൊട്ടിയെതൊഴിച്ചാല്‍ മറ്റ് നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
മര്‍ദ്ദനം നടക്കുന്നതിനിടെ ഡോക്ടര്‍ തന്റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളെല്ലാം അക്രമം നടത്തിയവര്‍ അറിയാതെ പകര്‍ത്തിയിരുന്നു. ഇന്ന് ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ദൃശ്യങ്ങള്‍ തെളിവായി ഉള്‍പ്പെടുത്തി പരാതി നല്‍കിയിരിക്കുന്നതിനാല്‍ റോഷന്‍ ആന്‍ഡ്രൂസ് കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്. ഇപ്പോള്‍ സിനിമാ മേഖലയിലെ പ്രമുഖരെ കൊണ്ട് പ്രശ്നം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഒരു വിധത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറല്ല എന്നാണ് കുടുംബം പറയുന്നത്.