ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററില്‍ വിജയം നേടാനാവാതെ മടങ്ങുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന ചിത്രം. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ് അതിനാല്‍ ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ കാക്കാനാവാതെ ഗോള്‍ഡ്തിയേറ്റര്‍ വിട്ടു. ചിത്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
ചിത്രത്തെ വിമര്‍ശിച്ച പ്രേക്ഷകന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അല്‍ഫോണ്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗോള്‍ഡ് ഒരു മോശം സിനിമ തന്നെയാണ്. അത് അംഗീകരിച്ചു അടുത്ത പടം ഇറക്ക് ... സീന്‍ മാറും എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്.
ഇത് തെറ്റാണ് ബ്രോ. നിങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നുപറയാം. എന്റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നെക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി, അല്‍ഫോണ്‍സ് പുത്രന്റെ മറുപടിയിങ്ങനെ.
അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,' എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. എന്നാല്‍ അല്‍പ്പനേരത്തിനുള്ളില്‍ തന്നെ ഈ പോസ്റ്റ് നീക്കം ചെയ്തു.
അല്‍ഫോണ്‍സിന്റെ വാക്കുകളോട് പ്രതികരിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പിന്നെ കമല്‍ഹാസനു കാണാന്‍ മാത്രം സിനിമ ചെയ്യൂ പുത്രേട്ടാ. അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിന് മാത്രമേ ഉള്ളോ? സമ്പാദിച്ച് കിട്ടുന്ന കാശില്‍ നിന്ന് നൂറ് രൂപ എടുത്ത് തിയേറ്ററില്‍ വരുന്ന ഞങ്ങളൊക്കെ അപ്പൊ പൊട്ടന്മാരാണോ?വിമര്‍ശനങ്ങള്‍ നേരിടാനുള്ള സഹിഷ്ണുത കാണിക്കുന്നതില്‍ തെറ്റില്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നുഎന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം.
ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം കമല്‍ഹാസന് തീറെഴുതി കൊടുത്തിട്ടില്ല, പടം കണ്ടവര്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ലേ?,ഒരു കലാകാരനും വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല എന്നിങ്ങനെ പോവുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
ട്രോളുകള്‍ക്കുള്ള മറുപടിയും അല്‍ഫോണ്‍സ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി എന്നെ ട്രോളുകയും എന്നെയും എന്റെ ഗോള്‍ഡ് സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നല്ലതായിരിക്കും, എനിക്കങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം കാണിക്കില്ല.ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ പരിഹസിക്കാനും അധിക്ഷേപിക്കാനുമുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല.
ഇഷ്ടമുണ്ടെങ്കില്‍ എന്റെ സിനിമ കാണുക. അല്ലാതെ എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം കാണിക്കരുത്. അങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷനാവും. പഴയതുപോലെയല്ല. ഞാന്‍ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും യഥാര്‍ത്ഥത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവരോടും വീഴ്ചയില്‍ ഒപ്പം നില്‍ക്കുന്നവരോടും സത്യസന്ധമായി നില്‍ക്കും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായിരുന്ന ചിരി മറക്കില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു,അല്‍ഫോണ്‍സ് കുറിച്ചു.