മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശിവ ഭക്തനായ വീരന്റെ പുരാണ കഥ അടിസ്ഥാനമാക്കിയുള്ള ഫാന്റസി ആക്ഷന്‍ ചിത്രത്തില്‍ വമ്പന്‍ താരനിരയായിരിക്കും അണിനിരക്കുക.
ചിത്രത്തില്‍ ബോളിവുഡ് നടന് അക്ഷയ് കുമാര്‍ മോഹന്‍ലാല്‍, പ്രഭാസ് എന്നിവര്‍ ഒന്നിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. ശരത് കുമാര്‍, പ്രഭുദേവ എന്നിവരും താരനിരയിലുണ്ട്. 1993 ല്‍ അശാന്ത് എന്ന ദ്വിഭാഷാ ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. ആ ചിത്രം കന്നടയില്‍ വിഷ്ണു വിജയ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു.
2018ല്‍ രജനീകാന്ത് നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത 2-0 എന്ന ചിത്രത്തില്‍ പ്രധാന വില്ലനായി അക്ഷയ് കുമാര്‍ എത്തിയിരുന്നു. അക്ഷയ് കുമാര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. എ.വി.എ. എന്റര്‍ടെയ്ന്‍മെന്റിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും ബാനറില്‍ മോഹന്‍ നിര്‍മ്മിക്കുന്ന കണ്ണപ്പ വിഷ്ണു മഞ്ചുവിന്റെ സ്വപ്നസിനിമയാണ്.
തെലുങ്കില്‍ ചിത്രീകരിക്കുന്ന കണ്ണപ്പ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. അതേസമയം മോഹന്‍ലാലും അക്ഷയ് കുമാറും ആദ്യമായാണ് ഒരുമിക്കുന്നത്. ഇരുവരെയും ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.