ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.
വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നതെന്നും വെങ്കിടേശന്റെ സഹായത്തോടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.ഇവരുടെ ഭര്‍ത്താവിന്റെയും ബാങ്ക് എക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇവര്‍ വലിയ തുകകളുടെ ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു പോലീസ്.
2019 മുതല്‍ ഇവര്‍ മോഷണം നടത്തിവരികയായിരുന്നു. പല സന്ദര്‍ഭങ്ങളില്‍ ആയിട്ടായിരുന്നു ഇവര്‍ മോഷണം നടത്തിയത്. ഇതുവരെ 60 പവന്‍ സ്വര്‍ണം മോഷ്ടിച്ചു എന്നാണ് ഇവര്‍ സമ്മതിച്ചിരിക്കുന്നത്. ഐശ്വര്യയുടെ ചെന്നൈയിലുള്ള വീട്ടില്‍ നിന്നുമാണ് ആഭരണങ്ങള്‍ മോഷണം പോയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമേ വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു താരം നല്‍കിയ പരാതിയില്‍ പറഞ്ഞത്.
വേലക്കാരിയെ സംശയമുണ്ട് എന്ന് ഐശ്വര്യ പരാതിയില്‍ തന്നെ പറഞ്ഞിരുന്നു. ഐശ്വര്യ സ്ഥിരമായി വീട്ടില്‍ ഉണ്ടാവാതെ വ്യക്തിയാണ്. അതുകൊണ്ടുതന്നെ വേലക്കാരിയാണ് വീട്ടിലെ കാര്യങ്ങള്‍ ഒരുവിധം എല്ലാം നോക്കിയിരുന്നത്. ഇതുകൂടാതെ ലോക്കറിന്റെ താക്കോല്‍ എവിടെയാണ് ഉള്ളത് എന്ന് വരെ വേലക്കാരികള്‍ക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്.