തമിഴകത്തെ എക്കാലത്തെയും റൊമാന്റിക് ഹിറ്റ് ചിത്രമായ അലൈപായുതേയിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് മാധവന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നായകനായി എത്തിയിട്ടുളളത്. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാധവന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസുമുതല്‍ 70 വയസുവരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ചിത്രത്തിനു വേണ്ടി മാധവന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ട്വീറ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ നിരാശപ്പെടുന്നവര്‍ക്ക് പിന്തുണയും പ്രചോദനവുമേകിയാണ് മാധവന്‍ എത്തിയിരിക്കുന്നത്. ബോര്‍ഡ് പരീക്ഷയില്‍ തനിക്ക് ലഭിച്ചത് 58 ശതമാനം മാര്‍ക്ക് മാത്രമായിരുന്നു എന്ന് മാധവന്‍ തന്റെ പുതിയ ട്വീറ്റിലൂടെ പറയുന്നു,
'ബോര്‍ഡ് പരീക്ഷയുടെ ഫലമറിഞ്ഞ എല്ലാവരോടും, പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍. ബാക്കിയുളളവരോട് എനിക്ക് പറയാനുളളത്; ബോര്‍ഡ് പരീക്ഷയില്‍ ഞാന്‍ നേടിയത് 58 ശതമാനം മാര്‍ക്കാണെന്നതാണ്. കളി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല പ്രിയ കൂട്ടുകാരെ മാധവന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. അതേസമയം മാധവന്റെ പുതിയ ട്വീറ്റ് ഏറ്റെടുത്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രചോദനമാണ് നിങ്ങളെന്ന് ഒരു ആരാധകന്‍ മാധവനെക്കുറിച്ച് കുറിച്ചു.
മാര്‍ക്ക് കേവലം അക്കങ്ങള്‍ മാത്രമാണെന്ന് മറ്റൊരു ആരാധകനും നടന്റെ ട്വീറ്റിന് പിന്നാലെ കുറിച്ചു. ഉയര്‍ന്ന അക്കങ്ങള്‍ ഭാവിയില്‍ എന്തെങ്കിലും ഉറപ്പുനല്‍കുന്നില്ല. കുറഞ്ഞ അക്കങ്ങളും ഭാവിയില്‍ എന്തെങ്കിലും ഉറപ്പുനല്‍കുന്നില്ല. കുറഞ്ഞ അക്കങ്ങള്‍ ജീവിതത്തിന്റെ അന്ത്യവുമല്ല. ജീവിതം നിങ്ങള്‍ക്ക് നേരെ ഗുഗ്ലികളെറിയുമ്‌ബോള്‍ സമര്‍ഥമായി ഒഴിഞ്ഞുമാറാന്‍ പഠിക്കേണ്ടതുണ്ട്. ചുറുചുറുക്ക്, വിശ്വാസ്യത, മൂല്യങ്ങള്‍, കഠിനാദ്ധ്വാനം എന്നിവയാണ് ജീവിതത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത്. ആരാധകന്‍ കുറിച്ചു.