'ചില്ലിംഗ് അഡ്വഞ്ചേഴ്സ് ഓഫ് സബ്രീന', 'ജെന്‍ വി' എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന് ചാന്‍സ് പെര്‍ഡോമോ(27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. പെര്‍ഡോമോയുടെ മനേജിംഗ് ടീം പ്രസ്താവനയിലൂടെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
'ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ചാന്‍സ് പെര്‍ഡോമോ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ വാര്‍ത്ത അതീവ ദു:ഖത്തോടെ അറിയിക്കുന്നു. മാറ്റാരും ഈ അത്യാഹിതത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അദ്ദേഹത്തെ അറിയുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. തങ്ങളുടെ പ്രിയപ്പെട്ടവന് നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ എല്ലാവരും മാനിക്കാന്‍ അപേക്ഷിക്കുന്നു' പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും അവസാനം ആമസോണ്പ്രൈമിന്റെ ജനപ്രിയ പരമ്പരയായ 'ദ ബോയ്സിന്റെ' സ്പിന്‍ഓഫായ 'ജെന്‍ വി' യുടെ ആദ്യ സീസണില്‍ പെര്‍ഡോമോ ആന്ദ്രെ ആന്‍ഡേഴ്സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ലോകത്തെ സൂപ്പര്‍ ഹീറോകളെ നിയന്ത്രിക്കുന്ന വോട്ട് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് സ്ഥാപിച്ച ഗോഡോള്കിന് സര്‍വകലാശാലയിലെ അമാനുഷിക ശക്തിയുള്ള വിദ്യാര്‍ത്ഥിയായാണ് പെര്‍ഡോമോ എത്തിയത്.
കൂടാതെ, 'ചില്ലിംഗ് അഡ്വഞ്ചേഴ്സ് ഓഫ് സബ്രീന' എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലും പെര്‍ഡോമോ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജാസ് സിന്‍ക്ലെയര്‍, ലിസ്സെ ബ്രോഡ്വേ, മാഡി ഫിലിപ്സ്, ലണ്ടന്‍ തോര്‍, ഡെറക് ലുഹ്, ഷെല്ലി കോണ്‍, ആസാ ജര്‍മന്‍ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറില്‍ പ്രീമിയര്‍ ചെയ്ത 'ജെന്‍ വി'യില്‍ ചാന്‍സ് പെര്‍ഡോമോ അഭിനയിച്ചത്. പെര്‍ഡോമോയുടെ ദാരുണമായ മരണത്തെ തുടര്‍ന്ന് 'ജെന്‍ വി' യുടെ രണ്ടാം സീസണ് നീണ്ടെക്കും എന്നാണ് ഡെഡ്ലൈന് റിപ്പോര്‍ട്ട് ചെയ്യുന്നത്.