കഴിഞ്ഞ കുറച്ചു കാലമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മ്മയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും ഈയ്യടുത്താണ് തമന്നയും വിജയും ഇക്കാര്യം തുറന്നു പറയാന്‍ തയ്യാറായത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചില്‍. ആദ്യം തമന്നയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ വിജയും അത് ശരിവയ്ക്കുകയായിരുന്നു.
ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഇനി എപ്പോഴാണ് വിവാഹം എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ആരാധകരില്‍ നിന്നും ഉയരുന്നത്. തമന്നയും വിജയ് വര്‍മയും നല്‍കുന്ന അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആജ് തക് ചാനല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കാരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടെ തമന്നയുമായുള്ള വിവാഹം എപ്പോഴാണെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിവാഹം അടുത്തുതന്നെയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയോട് പോലും പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല'- എന്നായിരുന്നു വിജയിന്റെ മറുപടി.
താന്‍ വിവാഹം കഴിക്കുന്നത് കാണാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ വിവാഹം കഴിക്കാനുള്ള മൂഡിലല്ല താനെന്നും, എന്നാല്‍ വിവാഹത്തില്‍ വിശ്വസിക്കുന്നതായും തമന്ന തുറന്നു പറഞ്ഞിരുന്നു.