'തലൈവര്‍ 170' ന്റെ ഷൂട്ടിങിനായി സൂപ്പര്‍താരം രജനികാന്ത് അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം ഇവിടെയുണ്ടാകും. 'ജയിലറിന്റെ' ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.
അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്രു താരങ്ങള്‍. ബച്ചന്‍ ഒഴികെയുള്ള താരങ്ങളും തിരുവനന്തപുരത്തെത്തും. ജയ് ഭീം എന്ന ഒറ്റ ചിത്രം കൊണ്ട് ദേശീയശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേലാണ് സംവിധായകന്‍. തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍
രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാകും. രാജാധിരാജ, മുത്തു എന്നീ രജനി ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.