രാവിലെ സ്‌കൂളില്‍ പോകാന്‍ മടിപിടിച്ചുകരഞ്ഞ ചെറുമകനെ ഒപ്പമിരുത്തി സ്‌കൂളിലെത്തിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
സൗന്ദര്യ രജനികാന്തിന്റെ മകന്‍ വേദിനെ സ്‌കൂളിലാക്കാന്‍ പോവുന്ന രജനികാന്തിനെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ കാണുന്നത്.
''ഇന്ന് രാവിലെ മകന് സ്‌കൂളില്‍ പോവാന്‍ മടി. അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍സ്‌ക്രീനിലായാലും,'' സൗന്ദര്യ കുറിച്ചു.ബെസ്റ്റ് ഗ്രാന്‍ഡ് ഫാദര്‍, ബെസ്റ്റ് ഫാദര്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്കിട്ടത്.
സ്‌കൂളില്‍ പോകാന്‍ മടിയോടെതന്നെ വണ്ടിയിലിരിക്കുന്ന വേദിനെയാണ് ഒരു ചിത്രത്തില്‍ കാണാനാവുക. തങ്ങളുടെ ക്ലാസിലേക്ക് രജനികാന്ത് വന്ന അമ്പരപ്പിലിരിക്കുന്ന കുരുന്നുകളാണ് അടുത്ത ചിത്രത്തിലെ ഹൈലൈറ്റ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജെയിലറില്‍ ആദ്യസീനുകള്‍ രജനികാന്ത് ചെറുമകനുമായി കളിക്കുന്നതും സ്‌കൂളില്‍കൊണ്ടുപോകുന്നതുമാണ്.
പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍. ജയ് ഭീമിനുശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ റിലീസിനു തയ്യാറായി. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളില്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് സൂപ്പര്‍ താരത്തിന്റേതായി പുരോഗമിക്കുന്ന മറ്റൊരു ചിത്രം.