മയോസൈറ്റിസ് എന്ന രോഗവസ്ഥ തന്നെ തേടിയെത്തിയിട്ട് ഒരു വര്‍ഷം ആയെന്ന് നടി സാമന്ത.സോഷ്യല്‍ മീഡിയയില്‍ സജീവമായ സാമന്ത ഒരു പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പമാണ് കുറിപ്പ് പങ്ക് വച്ചത്. രോഗാവസ്ഥയുമായി പൊരുതിയ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ പറഞ്ഞ് ഒരു വൈകാരികമായ കുറിപ്പും താരം അതോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വര്‍ഷമാണ് കടന്നു പോയതെന്നാണ് സാമന്ത കുറിച്ചത്.<
രോഗം കണ്ടെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷമാകുന്നു. ന്യൂ നോര്‍മലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വര്‍ഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകള്‍. ഉപ്പില്ല മധുരമില്ല മരുന്നുകള്‍ ആഹാരമായി, ഉള്‍വലിഞ്ഞു നില്‍ക്കാന്‍ നിര്‍ബന്ധിതയായ ദിനങ്ങളെ പോലെ തിരിച്ചുവരവുകളും നിര്‍ബന്ധകളില്‍ തന്നെയായി മാറി. ജീവിതത്തിന്റെ അര്‍ത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വര്‍ഷം. കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതല്‍ രസകരമാക്കി. സമ്മാനങ്ങള്‍ക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച വര്‍ഷം,സാമന്ത കുറിച്ചു.
ശാകുന്തളമായിരുന്നു സമാന്ത നായികയായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. ദേവ് മോഹനായിരുന്നു ചിത്രത്തിലെ നായകന്‍. വന്‍ ഹൈപ്പോടെയാണ് ചിത്രം തീയേറ്ററുകളിലേക്കെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ല. ശാകുന്തളം മാത്രമല്ല അടുത്തിടെയായി സമാന്തയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു.
പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തിയ സിറ്റാഡലിലും സമാന്ത അഭിനയിച്ചിരുന്നു. യശോദയായിരുന്നു ഇതിന് മുന്‍പ് സമാന്തയുടേതായി എത്തിയ ചിത്രം. രോഗബാധിതയായിരുന്നപ്പോഴായിരുന്നു ശാകുന്തളത്തിന്റെ ചിത്രീകരണത്തിന് സമാന്തയെത്തിയിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വേദികളില്‍ വച്ച് തന്റെ അസുഖത്തെ കുറിച്ച് താരം ആരാധകരോട് സംസാരിച്ചിരുന്നു. അന്ന് പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ സമാന്തയുടെ വീഡിയോയും വൈറലായിരുന്നു.