ഗ്രാമി പുരസ്‌കാര നിശയിലെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയ നടി പ്രിയങ്കയുടെ വസ്ത്രധാരണം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗ്ലാമര്‍ ലുക്കിള്ള വസ്ത്രധാരണത്തില്‍ പ്രിയങ്കയ്ക്ക് വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. നിരവധി ട്രോളുകളും ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി. പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്രയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
'ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ എനിക്ക് സന്തോഷമാണ്. കാരണം അവളെ കൂടുതല്‍ കരുത്തയാക്കാന്‍ ഈ പരിഹാസങ്ങള്‍ക്ക് സാധിക്കും..... പ്രിയങ്ക അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നത് മാത്രമല്ല മറ്റുള്ളവരെ ഉപദ്രവിക്കാനോ അവര്‍ക്ക് ശല്യമാകാനോ അവള്‍ ശ്രമിക്കാറില്ല...
അത് അവളുടെ ശരീരമാണ്. അവള്‍ക്ക് അതില്‍ എന്ത് വേണമെങ്കിലും ചെയ്യാം കൂടാതെ അവള്‍ സുന്ദരിയുമാണ്.- മധു ചോപ്ര വ്യക്തമാക്കി.'പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവര്‍ അവരുടെ കമ്പ്യൂട്ടറുകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവര്‍ക്ക് പലതും മറച്ചു വയ്ക്കാനും കാണും.
ഈ വസ്ത്രം ധരിക്കുന്നതിനു മുന്‍പ് അവള്‍ എന്നെ കാണിച്ചിരുന്നു. വസ്ത്രം കണ്ടപ്പോള്‍ ഒരു പൊതുവേദിയില്‍ ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ ആദ്യം കരുതി. പക്ഷേ, അവള്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. വേറെ ജോലിയൊന്നും ഇല്ലാത്തവരാണ് ട്രോളുകളുമായി എത്തുന്നത്. അവര്‍ കന്പ്യൂട്ടറുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്നവരാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയില്ല. '- മധു ചോപ്ര പറഞ്ഞു.
ഈ വസ്ത്രം വളരെ അനുയോജ്യമായതാണ് എന്നായിരുന്നു പ്രിയങ്ക വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 'വിമര്‍ശകര്‍ ചിന്തിക്കുന്നത് എനിക്ക് ഈ വസ്ത്രം ചേരുന്നില്ല എന്നാണ്. എന്നാല്‍, ഞാന്‍ ഈ വസ്ത്രത്തില്‍ വളരെ സുരക്ഷിതയായിരുന്നു. ഈ വസ്ത്രം വളരെ അനുയോജ്യമായി തോന്നി. യാതൊരു ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല. എന്തു വസ്ത്രം ധരിച്ചാലും എനിക്ക് ആത്മവിശ്വാസത്തില്‍ കുറവൊന്നും അനുഭവപ്പെടാറില്ല.-പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഐറ്റമാണ് പ്രിയങ്ക ഗ്രാമിക്കായി തിരഞ്ഞെടുത്തത്. ഏതാണ്ട് 72 ലക്ഷത്തിലും മീതെയാണ് ഈ വസ്ത്രത്തിന് വില....