കഴിഞ്ഞ വര്‍ഷം ജൂണിലാണ് ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാല ആരംഭിച്ച് നടി പ്രിയങ്ക ചോപ്ര ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. സോന എന്ന് പേരിലായിരുന്നു ഇന്ത്യന്‍ ഭക്ഷണശാല തന്റെ രണ്ടാം വീടായ അമേരിക്കയില്‍ നടി തുടക്കം കുറിച്ചത്.അമേരിക്കയെ തന്റെ രണ്ടാമത്തെ വീടാക്കി മാറ്റിയ പ്രിയങ്കയിപ്പോള്‍ 'സോന ഹോം' എന്ന പേരില്‍ ഒരു പുതിയ സംരംഭം തുടങ്ങിയിരിക്കുകയാണ്.
ഇ്ത്തവണ ഹോംവെയര്‍ ശ്രേണി തുടങ്ങിയ സന്തോഷം ആണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അമേരിക്കന്‍ പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം കഴിച്ചതോടെ പ്രിയങ്ക അമേരിക്കയിലാണ് സ്ഥിര താമസം. സംരംഭത്തിന്റെ സഹ സ്ഥാപകനായ മനീഷ് ഗോയലുമൊന്നിച്ചുള്ള ഒരു വീഡിയോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.
'ലോഞ്ച് ദിവസം ഇതാ! നിങ്ങളെയെല്ലാം സോന ഹോംപരിചയപ്പെടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയില്‍ നിന്ന് വന്ന് അമേരിക്കയെ എന്റെ രണ്ടാമത്തെ വീടാക്കി മാറ്റുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ എന്റെ യാത്ര എന്നെ രണ്ടാമത്തെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്തുന്ന സ്ഥലത്തേക്ക് നയിച്ചു. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്റെ ഇന്ത്യന്‍ വേരുകളും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്, ഇത് ആ ചിന്തയുടെ വിപുലീകരണമാണ്. ഞങ്ങളുടെ ഹൃദയത്തിനും പൈതൃകത്തിനും വളരെ പ്രിയപ്പെട്ട ഒന്ന് സൃഷ്ടിക്കുന്നതില്‍ @maneeshkgoyal-നും ഞങ്ങളുടെ മുഴുവന്‍ ടീമിനുമൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണ്.
ഇന്ത്യന്‍ സംസ്‌കാരം അതിന്റെ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടതാണ്, അത് സമൂഹത്തെയും ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെയും കുറിച്ചുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് 'സോന ഹോമി'ന്റെ ധാര്‍മ്മികത. ഞങ്ങളുടെ മേശ മുതല്‍ നിങ്ങളുടേത് വരെ, നിങ്ങളുടെ വീട്ടിലെ ആതിഥേയത്വം, കുടുംബം, സംസ്‌കാരം എന്നിവയോടുള്ള ഞങ്ങളുടെ അതേ സ്‌നേഹം നിങ്ങള്‍ അനുഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എ്ന്ന് നടി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നത് അതിലൂടെയാണ്. വാടകഗര്‍ഭധാരണത്തിലൂടെ നിക്കും പ്രിയങ്കയും മാതാപിതാക്കളായതടക്കമുള്ള വിശേഷങ്ങള്‍ അതിലൂടെ പങ്കുവച്ചിരുന്നു.