നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ക്രൈം സീരീസ് പോച്ചറിന്റെ ട്രൈയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെ കുറിച്ചുള്ള സീരീസാണ് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കുന്നത്. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്തയാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ആലിയ ഭട്ട് പങ്ക് വച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.
പൂര്‍ണ ഗര്‍ഭിണി ആയിരുന്നപ്പോഴാണ് കഥ കേള്‍ക്കുന്നത്. അന്ന് സൂര്യന് താഴെയുള്ള എല്ലാത്തിനെ കുറിച്ചും സംസാരിച്ചിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക് ഈ സീരിസിന് വേണ്ടി എന്തേലും ചെയ്യണമെന്ന് തോന്നി. റിച്ചി മേത്തയോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ഭാഗമാകാന്‍. വളരെ റിയലിസ്റ്റിക് ആയാണ് സീരീസിന്റെ ചിത്രീകരണം. വീണ്ടും വീണ്ടും കാണണം എന്ന് തോന്നും. ചിത്രത്തില്‍ നിമിഷ സജയന്റെ അഭിനയം അതിഗംഭീരമാണ്. റോഷന്‍ മാത്യുവും നന്നായി അഭിനയിച്ചു' ആലിയ പറഞ്ഞു.
ജോര്‍ദാന്‍ പീലെയുടെ ഗെറ്റ് ഔട്ട്, സ്‌പൈക്ക് ലീയുടെ ബ്ലാക്ക്ക്ലാന്‍സ്മാന്‍ തുടങ്ങിയ ഫീച്ചര്‍ ഫിലിം ഹിറ്റുകള്‍ സമ്മാനിച്ച ഓസ്‌കാര്‍ ജേതാവായ പ്രൊഡക്ഷന്‍ ആന്‍ഡ് ഫിനാന്‍സ് കമ്പനിയായ ക്യുസി എന്റര്‍ടൈന്‍മെന്റ് ആണ് പോച്ചര്‍ നിര്‍മ്മിക്കുന്നത്.നടി, നിര്‍മ്മാതാവ്, സംരംഭക എന്നീ മേഖലകളില്‍ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്, ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചര്‍ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240+ രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35+ ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ ഉണ്ടായിരിക്കും.
ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ട്രെയിലര്‍ നല്‍കുന്നത്. ഈ ക്രിമിനല്‍ പ്രവൃത്തികളുടെ നിശബ്ദ ഇരകള്‍ക്ക് - നിസ്സഹായരായ ആനകള്‍ക്ക് - യഥാര്‍ത്ഥത്തില്‍ അര്‍ഹമായ നീതി ലഭിക്കുമോ? ചിന്തോദ്ദീപകമായ ഈ കുറ്റകൃത്യ പരമ്പരയുടെ കാതലിനുള്ളില്‍ ഈ ചോദ്യം ആഴത്തില്‍ പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, വ്യക്തിപരമായ നേട്ടവും അത്യാഗ്രഹവും കൊണ്ട് നയിക്കപ്പെടുന്ന മനുഷ്യ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളിലേക്ക് പോച്ചര്‍ വെളിച്ചം വീശുന്നു. അതുവഴി ഈ ജീവിവര്‍ഗം നേരിടുന്ന അപകടസാദ്ധ്യതകളെ ജനങ്ങളിലേക്കെത്തിക്കുന്നു.
ക്യൂസി എന്റര്‍ടൈന്‍മെന്റിന്റെ എഡ്വേര്‍ഡ് എച്ച്. ഹാം ജൂനിയര്‍, റെയ്മണ്ട് മാന്‍സ്ഫീല്‍ഡ്, സീന്‍ മക്കിറ്റ്രിക് എന്നിവര്‍ സ്യൂട്ടബിള്‍ പിക്‌ചേഴ്‌സ്, പൂര്‍ മാന്‍സ് പ്രൊഡക്ഷന്‍സ്, എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുമായി സഹകരിച്ച് നിര്‍മ്മിച്ചതാണ് പോച്ചര്‍. അലന്‍ മക്അലക്‌സ് (സ്യൂട്ടബിള്‍ ബോയ്) സ്യൂട്ടബിള്‍ പിക്‌ചേഴ്‌സിന്റെ നിര്‍മ്മാതാവായി പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടര്‍ ജോഹാന്‍ എയ്ഡ്, സംഗീതസംവിധായകന്‍ ആന്‍ഡ്രൂ ലോക്കിംഗ്ടണ്‍, എഡിറ്റര്‍ ബെവര്‍ലി മില്‍സ് എന്നിവരും ഡല്‍ഹി ക്രൈമില്‍ നിന്നുള്ളവരാണ്.