തമിഴ് സിനിമകളിലെ ഹാസ്യതാരായി നിറസാന്നിധ്യമാണ് നടി വിദ്യുലേഖ രാമന്‍. നടന്‍ മോഹന്‍ രാമന്റെ മകളാണ് വിദ്യുലേഖ. ലോക്ക്ഡൗണ്‍ കാലത്ത് വിദ്യുയ്ക്കുണ്ടായ ശാരീരിക മാറ്റമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നായികമാരുടെ തടിയുള്ള കൂട്ടുകാരിയായി ശ്രദ്ധനേടുന്ന വിദ്യുലേഖയുടെ പുതിയ മേക്കോവറാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ക്കൌട്ടിലൂടെ ശരീരഭാരം 22 കിലോയോളം കുറച്ചിരിക്കുകയാണ് നടി.
'നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും അത്മവിശ്വാസത്തോടെ ഇരിക്കാന്‍ സാധിക്കുന്നത്?', എന്ന ചോദ്യമാണ് അമിതഭാരമുള്ളപ്പോള്‍ പതിവായി നേരിടേണ്ടിവന്നിരുന്നതെന്ന് വിദ്യു പറയുന്നു. 'ആ ചോദ്യത്തെ വീണ്ടും നോക്കികാണുമ്ബോള്‍ മനസ്സില്‍ തോന്നുന്നു, അത് ആത്മവിശ്വാസമായിരുന്നോ? അതോ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അമിതവണ്ണമുള്ളവളായിരിക്കുമെന്ന വസ്തുതയുമായി പൊരുത്തപ്പെട്ടതായിരിക്കുമോ?', അവിടെനിന്നാണ് ഇപ്പോഴത്തെ പുതിയ മാറ്റത്തിനായുള്ള ശ്രമം തുടങ്ങിയതെന്നു താരം പറയുന്നു.
ഇന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ വിദ്യു അതിന്റെ കാരണവും പങ്കുവച്ചു. 'കാരണം ഒരിക്കല്‍ പോലും എന്റെ ജീവിതശൈലിയും ശീലങ്ങളും മാറ്റാന്‍ എനിക്ക് സാധിക്കുമെന്ന് കരുതിയിരുന്നില്ല. മനസ്സു വച്ചാല്‍ എന്തും സാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. ശരിയാണെന്ന് തോന്നുന്നു, അല്ലേ? പക്ഷെ ഇത് സത്യമാണ് !! അച്ചടക്കം പാലിക്കേണ്ടതുണ്ട്, ആഴ്ചയില്‍ 6 തവണ വ്യായാമം ചെയ്യുക, സമീകൃതാഹാരം പിന്തുടരുക', വിദ്യു പറഞ്ഞു.
ഇതിനായി രഹസ്യമരുന്നുകളോ ഗുളികകളോ ഇല്ലെന്നും കഠിനാധ്വാനം മാത്രമാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്ത നടി 'ജീവിതത്തില്‍ ഒന്നും എളുപ്പമല്ല, പക്ഷേ ഫലം കാണുമ്ബോള്‍, അത് എല്ലാ വിയര്‍പ്പിനും കണ്ണീരിനും വിലമതിക്കുന്നു. 20/06/2020 ല്‍ രേഖപ്പെടുത്തിയ ഭാരം - 68.2 കിലോഗ്രാം ', എന്ന് ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.