വളരെ അപൂര്‍വ്വമായി മാത്രം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് നടന്‍ മോഹന്‍ലാല്‍. അതില്‍ ഭൂരിഭാഗവും സിനിമാ വിശേഷങ്ങളും ആയിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്ന സ്ത്രീധനം ആവശ്യപ്പെട്ടുള്ള മരണ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടന്‍ തന്റെ മകളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ് ഇപ്പോള്‍. സംവിധായകന്‍ ജിത്തു ജോസഫിനൊപ്പം നേര് എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ ചടങ്ങിനു വന്നിരുന്നപ്പോഴാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി നടന്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.
പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നിര്‍മ്മാതാവായ കെ ബാലാജിയുടെ മകളാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായി തിളങ്ങി നില്‍ക്കവേയായിരുന്നു മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സ്ത്രീധനമായി ഇഷ്ടം പോലെ സ്വത്ത് വാങ്ങി കല്യാണം കഴിക്കാമായിരുന്നിട്ടും ഒരു സ്ത്രീധനവും വാങ്ങാതെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു. അതു തന്നെയായിരിക്കും തന്റെ മകളുടെ കാര്യത്തിലും സംഭവിക്കുക. വിസ്മയയെ വിവാഹം കഴിപ്പിക്കുമ്പോള്‍ സ്ത്രീധനമായി യാതൊന്നും നല്‍കില്ലായെന്നാണ് മോഹന്‍ലാല്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
സംവിധായകന്‍ ജിത്തു ജോസഫും ആ നിലപാടിനെ ശരിവച്ചു. തന്റെ രണ്ടു പെണ്‍ മക്കളും സ്ത്രീധനം ചോദിക്കുന്നവരെ വിവാഹം കഴിക്കില്ലായെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളുടെ തീരുമാനത്തിലും ഉറച്ച നിലപാടുകളിലും അഭിമാനമുണ്ടെന്നും അതെല്ലാക്കാലവും സംരക്ഷിക്കുവാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നുമാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. അതേസമയം, മോഹന്‍ലാലിന്റെ മക്കളുടെ വിവാഹം എല്ലാക്കാലവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. 33 വയസുകാരനായ പ്രണവ് യാത്രകളെയാണ് ഏറെ പ്രണയിക്കുന്നത്. ഇടയ്ക്ക് സിനിമകളും മറ്റും ചെയ്യുന്നതൊഴിച്ചാല്‍ ബാക്കിയുള്ള കാലമത്രയും യാത്ര ചെയ്ത് നാടുകളും രാജ്യങ്ങളും ചുറ്റുന്നതാണ് ഇഷ്ടവിനോദം. അതുകൊണ്ടു തന്നെ കല്യാണമെന്ന കാര്യമെ ചിന്തിക്കുന്നില്ല.
30കാരിയാണ് വിസ്മയ. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും എഴുത്തുകാരിയായും എല്ലാം കരിയര്‍ ബില്‍ഡ് ചെയ്യുന്ന വിസ്മയയുടെ വിവാഹം അധികം വൈകാതെ തന്നെ നടത്താനുള്ള തീരുമാനത്തിലാണ് താരകുടുംബം. കോടികളുടെ ആസ്തിയുണ്ടായിട്ടും പ്രണവിനെ പോലെ തന്നെ യാത്രകളും കാഴ്ചകളും ഇഷ്ടപ്പെടുന്ന ആള്‍ തന്നെയാണ് വിസ്മയയും. വിദേശവാസത്തിനിടെയുള്ള ചിത്രങ്ങളെല്ലാം വിസ്മയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സഹോദരന്‍ പ്രണവിനെ പോലെ ലളിത ജീവിതം ഇഷ്ടപ്പെടുന്ന വിസ്മയ പ്രകൃതിയെ സ്നേഹിക്കുന്ന, അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ്.
സര്‍വോപരി എഴുത്തുകാരി എന്ന് പറഞ്ഞില്ലെങ്കില്‍ പൂര്‍ണമാവില്ല. 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലെ പുസ്തകം 'നക്ഷത്രധൂളികള്‍' എന്ന പേരില്‍ മലയാളത്തില്‍ വായിക്കാം. നാട്ടില്‍ കുടുംബം മുഴുവന്‍ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളില്‍ ഒരെണ്ണം കളിക്കൂട്ടുകാരന്‍ കൂടിയായ ചാലു ചേട്ടന്‍ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന് അയച്ചുകൊടുക്കുകയും ചെയ്തു.
നിരവധി വളര്‍ത്തു മൃഗങ്ങളും വിസ്മയയ്ക്കുണ്ട്. അവയ്ക്കൊപ്പം കളിക്കാനും, അവയെ ഓമനിക്കാനും എല്ലാം സമയം കണ്ടെത്തുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നയാളാണ് വിസ്മയ എന്ന് ചിത്രങ്ങള്‍ പറയും. അച്ഛന്‍ മോഹന്‍ലാലിന് പ്രിയം പൂച്ചകളോടാണ് എങ്കില്‍ നായ്ക്കളോടാണ് മകള്‍ക്ക് സ്നേഹം. ഇടയ്ക്ക് തായ്‌ലന്‍ഡില്‍ പോയി മോതായ് ചെയ്ത്, ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് വിസ്മയ അത്തരമൊരു നേട്ടം കൈവരിച്ചത്.