വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം എന്ന സിനിമയുടെ പുനരാവിഷ്ക്കാരമായ നീലവെളിച്ചത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
പ്രേതബാധയുണ്ടെന്ന് ആരോപിക്കുന്ന, നിഗൂഢതകള്‍ നിറഞ്ഞ ഒരു വീട്ടില്‍ താമസിക്കാനെത്തുന്ന സാഹിത്യകാരന് ബഷീറിന്റെ വേഷത്തിലാണ് ടോവിനോ. ഭാര്‍ഗവിയെന്ന യക്ഷി ആ വീട്ടില്‍ കുടിയിരിക്കുന്നുവെന്നും ആരും അവിടെ താമസിക്കാറില്ലെന്നും ചുറ്റുമുള്ളവര്‍ മുന്നറിപ്പ് നല്‍കിയിട്ടും നായകന് ചെവി കൊടുക്കുന്നില്ല. തുടര്‍ന്ന് യക്ഷിയും സാഹിത്യകാരനും തമ്മിലുണ്ടാകുന്ന അടുപ്പം ഭാര്‍ഗവിയുടെ മരണത്തിന്റെ ചുരുളഴിക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നു
ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുആണ് നീലവെളിച്ചം ഒരുക്കുന്നത്. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഏപ്രില്‍ 20നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് ചിത്രത്തിന്റെ അധിക- തിരക്കഥ എഴുതിയത്.
ഭാര്ഗവീനിലയത്തിനുവേണ്ടി പി ഭാസ്കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന 'താമസമെന്തേ വരുവാന്‍' എന്ന ഗാനത്തെ പുനരാവിഷ്കാരിച്ച് ഈ ചിത്രത്തിനായി പുറത്തിറക്കിയിരുന്നു. എം.എസ് ബാബുരാജിന് മുന്‍കൂര്‍ ജന്മദിനാശംസ നേര്‍ന്നു കൊണ്ടാണ് ഗാനം പുറത്തിറക്കിയത്. യേശുദാസ് ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പില്‍ പാടിയിരിക്കുന്നത് ഷഹബാസ് അമന് ആണ്. ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഗാനം പുതിയ സാങ്കേതിക മികവില്‍ സംഗീത സംവിധായകരായ ബിജിബാല്‍,റെക്സ് വിജയന് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു.