വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തടയാന്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണമെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ല. പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നിലപാട് സ്വീകരിക്കണം എന്നാണ് ഗണേഷ് കുമാര്‍ പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചു. ഇത്തരം സിനിമകള്‍ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്, കാരണം ചോര തെറിക്കുന്ന സിനിമകളാണ്. ഇത്രയും വയലന്‍സ് നമ്മുടെ സിനിമയില്‍ ആവശ്യമില്ല. കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം. ഇങ്ങനെ പച്ചയ്ക്ക് വയലന്‍സ് കാണിക്കുകയും അടിച്ച് പൊട്ടിക്കുകയും കാണിക്കരുത്.
ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യുക. അത് കഥയെ ബാധിക്കും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കഥ പറയണ്ട. മലയാള സിനിമയിലും ഹിന്ദി സിനിമയിലും ഇംഗ്ലീഷ് സിനിമയിലുമൊക്കെ പണ്ടും കൊല നടത്തിയിട്ടുണ്ട്. കുത്തുന്നത് കാണിക്കും, പക്ഷെ കുത്തിക്കേറി ചോര വരുന്നതും കുടല് വെളിയില്‍ വരുന്നതൊന്നും കാണിക്കാറില്ല. അതൊക്കെ ഇപ്പോഴാണ് കാണിക്കാന്‍ തുടങ്ങിയത്, ശൂലം കുത്തിയിറക്കുന്നത് ഒക്കെ. സെന്‍സര്‍ ബോര്‍ഡ് ആണ് അക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യം ഇത്തരം ചോര കാണിക്കുന്ന സീനുകള്‍ കാണിച്ചാവരുത്. നല്ല സന്ദേശം ആണ് നല്‍കേണ്ടത്. സിനിമയില്‍ അഭിനേതാക്കള്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് വരെ നമ്മള് അനുകരിക്കാറുണ്ട്. സീരിയലുകള്‍ കാണുമ്പോള്‍ പോലും ഉണ്ട്. സിനിമയും കലയും മനുഷ്യനെ സ്വാധീനിക്കും.
കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളക്കൂര്‍ ഉള്ള മണ്ണാക്കി മാറ്റിയത് തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകമാണ്. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നും ജന്മിയാകാന്‍ പാടില്ലെന്നുമുള്ള ബോധം ആ നാടകം മനുഷ്യരില്‍ ഉണ്ടാക്കി. അതുകൊണ്ട് തന്നെ കലാരൂപങ്ങള്‍ മനുഷ്യനെ സ്വാധീനിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സ്വാധീനിക്കും. മാര്‍ക്കോ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും എന്നോട് ആരോ പറഞ്ഞു കണ്ടിരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് എന്ന്. പാന്‍ ഇന്ത്യന്‍ ആക്കണം എന്ന് കരുതി ഇത്തരം സിനിമകളോട് ഞാന്‍ യോജിക്കുന്നില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
വിജയ്യുടെ സിനിമകള്‍ കണ്ടാല്‍ അവിടെ പൊലീസ് ഇല്ലേ എന്ന് തോന്നിപ്പോകും. 20 പേരെയൊക്കെ വെട്ടി വീഴ്ത്തിയ ശേഷം അടുത്ത പാട്ട് സീനില്‍ അഭിനയിക്കുന്നത് കാണാം. ഇതെന്ത് സിനിമയാണ്? കാണുന്നവര്‍ മണ്ടന്മാര് ആയതുകൊണ്ടാണോ ഇങ്ങനെ എന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു.
''വിജയ്യുടൊക്കെ സിനിമ കാണുമ്പോള്‍ ഞാന്‍ ആലോചിക്കും, അദ്ദേഹം രാഷ്ട്രീയത്തിലൊക്കെ വന്ന ആളല്ലേ, അയാളുടെ സിനിമയില്‍ 18-20 പേരൊക്കെയാണ് വെട്ട് കൊണ്ട് വീഴുന്നത്. പൊലീസ് ഈ നാട്ടില്‍ ഇല്ലയോ എന്ന് നമുക്ക് തോന്നും. പിന്നെ അടുത്ത സീനില്‍ വീണ്ടും 20 പേരെ കൂടി വെട്ടി വീഴ്ത്തുകയാണ്. ഇവരെല്ലാം കഴുത്തൊക്കെ അറ്റാണ് വീഴുന്നത്.'' ''അപ്പോള്‍ ആരെങ്കിലും മരിച്ചാല്‍ കേസ് ഒന്നുമില്ലേ? ഈ സിനിമകളില്‍ ഒക്കെ ആളുകളെ ഇങ്ങനെ അടിച്ചു കൊല്ലുന്നുണ്ട്, ചോര തെറിക്കുന്നുണ്ട്, തല അടിച്ചു പൊട്ടിക്കുന്നുണ്ട്, വെട്ടി കൊല്ലുന്നു പക്ഷെ കേസ് ഇല്ല. പൊലീസ് ഇല്ല ആ നാട്ടില്‍. ഇതെന്ത് സിനിമയാണ്? നായകന് എന്തും ചെയ്യാം. നായകന് വരുന്നു, 10-20 പേരെ വെട്ടി വീഴ്ത്തുന്നു, അങ്ങ് പോകുന്നു.'' പിറ്റേ ദിവസം അവര്‍ കാര്‍ ഓടിച്ച് പോകുന്നു, പാട്ട് സീനില്‍ അഭിനയിക്കുന്നു, കണ്ടോണ്ട് ഇരിക്കുന്നത് മണ്ടന്മാരാണ് എന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്? ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നമ്മള് മനുഷ്യന് കാണിക്കുന്നത് എന്തെങ്കിലും കാണിക്ക്'' എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.