Latest News

'ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരി'; നയന്‍താര ചിത്രം അന്നപൂര്‍ണി  മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

Malayalilife
'ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരി'; നയന്‍താര ചിത്രം അന്നപൂര്‍ണി  മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയുടെ പുതിയ ചിത്രമായ അന്നപൂരണി വിവാദത്തില്‍. ഹിന്ദു ദൈവമായ രാമനെ കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. അടുത്തിടെ നെറ്റ്ഫ്‌ലിക്സില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച അന്നപൂരണിക്ക് എതിരെ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തി എന്ന ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ഡിസംബര്‍ ഒന്നിനായിരുന്നു നയന്‍താരയുടെ എഴുപത്തിയഞ്ചാമത് ചിത്രമായ അന്നപൂരണി റിലീസ് ചെയ്തത്.ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്. ഐ. ആര്‍ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കൂടാതെ ചിത്രത്തില്‍ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമര്‍ശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 

നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂരണിയില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് നയന്‍താര എത്തിയത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്.

സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

മുംബയ് പൊലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ നയന്‍താരയോ നെറ്റ്ഫ്‌ളിക്സോ പ്രതികരിച്ചിട്ടില്ല,


 

Mumbai police files FIR against Nayanthara starrer Annapoorani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES