സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ 7-ഓളം സിനിമകള്‍ തെലുങ്കാനയിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും ഷൂട്ടിങ് മാറ്റുന്നത്.
തെലുങ്കാനയിലും തമിഴ്‌നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നല്‍കുന്നുണ്ട്. കേരളത്തില്‍ സീരിയല്‍ ഷൂട്ടിങ്ങുകള്‍ക്ക് അനുമതി നല്‍കുന്നുണ്ടെങ്കിലും സിനിമാ ഷൂട്ടിങിനെ അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് സിനിമാ തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഷൂട്ടിങ് ലൊക്കേഷനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുമ്ബോള്‍ കേരളത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈറ്റില്‍ പണിയെടുക്കുന്ന സാധാരണക്കാരും ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ 2019 ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമകള്‍ അടക്കം പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ ഇനിയും അത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനകള്‍.
സിനിമാരംഗത്തെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നല്‍കണമെന്ന് സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടാകാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. നിര്‍മ്മാണ മേഖലയുള്‍പ്പടെവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ഷൂട്ടിങുകള്‍ പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്നൂം അവര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ രംഗത്തു എത്തി കഴിഞ്ഞു. കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളില്‍ വച്ചാണ് നടക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് വാക്സിന്‍ എടുത്തതിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഫെഫ്ക അടക്കമുള്ള സംഘടനകള്‍ കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവര്‍ പറയുന്നു. നിര്‍മ്മാതാക്കളും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. നിശ്ചിതയാളുകളെ വച്ച് ഇന്‍ഡോറില്‍ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്ബോള്‍ കേരളത്തിലെ ടെക്നീഷ്യന്മാര്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും ഇവര്‍ പറയുന്നു.
രണ്ട് വര്‍ഷമായി കാര്യമായ ഷൂട്ടിങുകളൊന്നും നടക്കാത്തതിനാല്‍ പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മുമ്ബ് പ്രതിമാസം ഇരുപതോളം സിനിമകള്‍ ഇറങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്നോ രണ്ടോ സിനിമകളിറങ്ങിയാലായി എന്ന അവസ്ഥയാണ്. ഇത് ഈ മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഷൂട്ടിങ് വൈകുന്നത് മൂലം പല നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി സിനിമകള്‍ സാമ്ബത്തിക പ്രതിസന്ധി മൂലം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഷൂട്ടിങുകള്‍ നടക്കാത്തത് മൂലം ലൊക്കേഷന്‍ സ്റ്റാഫുകളുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അതുകൊണ്ടുതന്നെ ഷൂട്ടിങുകള്‍ ഉടന്‍ പൂര്‍ത്തിയാക്കി സിനിമകള്‍ റിലീസ് ചെയ്യാനാണ് പിന്നണിപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. തീയറ്ററുകള്‍ ഉടനെയൊന്നും തുറക്കാനുള്ള സാധ്യത അവര്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ കൂറച്ചുകാലം കൂടി പൂര്‍ണമായും ഒടിടി റിലീസുകള്‍ നടത്തേണ്ടി വരുമെന്ന് അവര്‍ തിരിച്ചറിയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ പ്രചാരമാണ് കേരളത്തില്‍ ലഭിക്കുന്നത്. കോവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞു കിടക്കുമ്ബോള്‍ വമ്ബന്‍ സിനിമകള്‍ വരെ ഒടിടി റിലീസിലേക്ക് മാറി. അതോടു കൂടി ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ വെള്ളം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ദൃശ്യം 2, നായാട്ട്, ഓപ്പറേഷന്‍ ജാവ, ആര്‍ക്കറിയാം, സാറാസ് തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങള്‍ ഒടിടി റിലീസിങായിരുന്നു. ഇവയെല്ലാം വലിയ അഭിപ്രായം നേടുകയും വലിയ സാമ്ബത്തികവിജയം കരസ്ഥമാക്കുകയും ചെയ്തത് കൂടുതല്‍പേരെ ഒടിടിയിലേയ്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് കിറ്റക്സ് ഗ്രൂപ്പും തെലുങ്കാനയിലേയ്ക്ക് ചുവട് മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സിനിമാ ഷൂട്ടിങ്ങുകള്‍ കേരളം വിട്ട് പോകുന്നതിനെ അതിന് സമാനമായാണ് മാധ്യമങ്ങള്‍ കാണുന്നത്. കേരളം വിട്ട് വരുന്ന സംരംഭങ്ങളെയൊക്കെ, കിറ്റക്സിനെ പോലുള്ള കോര്‍പ്പറേറ്റുകള്‍ മുതല്‍ സിനിമാ ഷൂട്ടിങ് പോലുള്ള താല്‍ക്കാലിക പ്രോജക്ടുകളെ വരെ ഇരുകൈകളും നിരവധി ഓഫറുകളും നല്‍കിയാണ് തെലുങ്കാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കിറ്റക്സിന് അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.