ഇന്നലെ വൈകീട്ട് നാല് മണിക്കാണ് നടന് ഹരീഷ് പേങ്ങന്റെ മരണ വാര്‍ത്ത സുഹൃത്ത് മനോജ് കെ. വര്‍ഗീസ് ഫേസ് ബുക്കില്‍ കുറിച്ചത്. തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള എല്ലാ ശ്രമങ്ങളും പ്രാര്‍ത്ഥനകളും വൃഥാവിലാക്കി 3.14ന് ഹരീഷ് നമ്മെ വിട്ടുപിരിഞ്ഞു..''. എന്ന ചുരുങ്ങിയ വാക്കുകളിലാണ് അദ്ദേഹം ആ മരണവിവരം മലയാളികളെ അറിയിച്ചത്. എന്നാല്‍ അതിനു മുന്നേ ഹരീഷ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തന്നെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് മനോജ് പങ്കുവച്ച കുറിപ്പ് മലയാള സിനിമയിലെ പല താരങ്ങളുടെയും മുഖം വ്യക്തമാക്കുന്നതായിരുന്നു. ഒടുക്കം ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള എല്ലാ ശ്രമങ്ങളും വൃഥാവിലാക്കി കൊണ്ട് ഹരീഷിന്റെ മരണ വാര്‍ത്ത എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം പൊട്ടിക്കരയുകയാണ് മനോജും.
''ഹരീഷ് അയല്‍വാസിയും അടുത്ത സുഹൃത്തുമാണ് മനോജ്. കുട്ടിക്കാലം മുതലുള്ള സുഹൃത് ബന്ധം. ദിവസങ്ങള്‍ക്കു മുമ്പ് ഹരീഷ് ഒരു സിനിമയുടെ ഡബ്ബിങ്ങിനു പോയപ്പോഴാണ് വയറുവേദന അനുഭവപ്പെട്ടത്. മുന്‍പ് പാന്‍ക്രിയാസുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അന്ന് അമൃതയില്‍ ആണ് ചികില്‍സിച്ചത്, അതുകൊണ്ടു തന്നെ വയറു വേദന വന്നപ്പോള്‍ അമൃതയിലേക്കു തന്നെ പോയി. കൂടുതല്‍ പരിശോധനകള്‍ക്കു വേണ്ടി ഹരീഷിനെ അഡ്മിറ്റ് ചെയ്തു. പക്ഷേ പിറ്റേദിവസം പെട്ടെന്ന് ബിപി കുറഞ്ഞു, ശ്വാസം എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. സ്കാന്‍ ചെയ്തപ്പോള്‍ ചെറുകുടലില്‍ മുഴുവന്‍ ഇന്ഫക്ഷന് ആയി അമോണിയ രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് അറിഞ്ഞു. ആ സ്കാനില്‍ ആണ് മനസ്സിലായത് കരള്‍ മുക്കാല്‍ ഭാഗത്തോളം നശിച്ചിരിക്കുകയാണെന്ന്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ ഇനി രക്ഷയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരള്‍ നല്കാന് തയാറായി. പരിശോധനയില്‍ അത് മാച്ച് ആകും എന്ന് മനസ്സിലായി, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
കരള്‍ കൊടുക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സയ്ക്കും നാല്പതു ലക്ഷത്തോളം രൂപ വേണ്ടിവരും. അതു കണ്ടെത്താനുള്ള ശ്രമമായി പിന്നീട്. വിവരം ഇടവേള ബാബുവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'അമ്മ'യുടെ അംഗം അല്ലാത്തതിനാല്‍ സഹായിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട് എന്നാണ്. എന്നാലും പലരും പോസ്റ്റ് ഇടുകയും പണം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എത്രയും പെട്ടെന്നു ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകവേ ഹരീഷിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. രണ്ടു ദിവസം മുമ്പ് പെട്ടെന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്. ടെസ്റ്റ് ചെയ്ത് രക്തസ്രാവത്തിന്റെ സ്രോതസ് കണ്ടെത്തി അത് തടഞ്ഞെങ്കിലും അടുത്ത ഇടത്ത് രക്തസ്രാവം വീണ്ടും തുടങ്ങി. ഹീമോഗ്ലോബിന്‍ അപകടകരമായ സ്ഥിതിയിലേക്ക് താഴ്ന്നപ്പോള്‍ രക്തം നല്കി. പക്ഷേ ഹീമോഗ്ലോബിന്റെ അളവ് കൂടിയില്ല. ഇന്നലെ ആയപ്പോഴേക്കും അവസ്ഥ വഷളായി, അദ്ദേഹം നമ്മെ വിട്ടുപോവുകയായിരുന്നു. ജീവന് തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ആദ്യമായി ഹരീഷ് സിനിമയില്‍നിന്നുള്ള പ്രതിഫലം വാങ്ങിയത് മനോജിന്റെ കയ്യില്‍ നിന്നാണ്. മനോജ് ഒരു ഒരു പരസ്യചിത്രം ചെയ്യുന്ന സമയത്ത് പ്രൊഡക്ഷന്‍ ബോയിക്ക് ഒരു അസൗകര്യമുണ്ടായി. എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചപ്പോള്‍ ഹരീഷാണ് സഹായവുമായി എത്തിയത്. ഹരീഷിന് ഒരു ചെറിയ ഹോട്ടല്‍ ഉണ്ടായിരുന്നു. പിറ്റേ ദിവസം ഹരീഷ് കുറച്ചു പാത്രങ്ങളുമായി സെറ്റില്‍ എത്തി. ഹരീഷ് തന്നെ പിന്നീട് പ്രൊഡക്ഷന്‍ ബോയ് ആയി പ്രവര്‍ത്തിച്ച് ആഹാര കാര്യങ്ങളൊക്കെ നോക്കി. അവിടെ നിന്നായിരുന്നു തുടക്കം. അഭിനയത്തില്‍ താല്പര്യമുണ്ടായിരുന്ന ഹരീഷ് പ്രാദേശിക നാടകങ്ങളില്‍ ഒക്കെ പങ്കെടുക്കുമായിരുന്നു. ഒരു ബ്രേക്ക് കിട്ടിയത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ 'പേങ്ങന്' എന്ന കഥാപാത്രത്തില്‍ നിന്നാണ്. അങ്ങനെയാണ് ഹരീഷ് പേങ്ങന് എന്ന പേര് വീണത്. നല്ല കഥാപാത്രങ്ങള്‍ ഒരുപാട് കിട്ടി, പലതും പകുതിവഴിയില്‍ ആയിരിക്കും. നല്ല ഒരുപാട് കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് ഹരീഷ് മടങ്ങിയത്.
അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിയിച്ചപ്പോള്‍ നടന് ടൊവിനോ തോമസ് വളരെ വലിയൊരു സംഖ്യയാണ് അയച്ചത്. കാര്യം പറഞ്ഞു പത്തു മിനിറ്റിനകം പണം അയച്ചു, എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണം എന്ന് പറയുകയും ചെയ്തു. ഹരീഷിനോട് അടുപ്പമുള്ള കുറച്ചു സുഹൃത്തുക്കളും ടെക്നിഷ്യന്‍സും സഹായിച്ചു. ഒരുപാട് പേര് സഹായിക്കാം എന്നൊക്കെ പറഞ്ഞിരുന്നു. ഒരു ദിവസം ഒരാള്‍ 7 രൂപ അയച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു. ഹരീഷിനെക്കുറിച്ചുള്ള വാര്‍ത്ത ഒരു മാധ്യമത്തില്‍ കണ്ടിട്ട് ഒരു കൊച്ചു കുട്ടി അവന്റെ കയ്യില്‍ ഇരുന്ന 7 രൂപ എത്രയും പെട്ടെന്ന് അയച്ചു കൊടുക്കണം എന്ന് പറഞ്ഞിട്ട് അച്ഛന് അയച്ചതാണ്. അച്ഛന് കുട്ടിയോട് പറഞ്ഞു 'മോനെ ഞാന്‍ പണം വേറെ അയയ്ക്കുന്നുണ്ട്. കുട്ടി പറഞ്ഞു അച്ഛന് വേറെ അയച്ചോളൂ ഈ ഏഴുരൂപ എനിക്ക് അയക്കണം.' അവന്റെ നിര്‍ബന്ധത്തില്‍ അച്ഛന് അയച്ചതാണ് ആ ഏഴു രൂപ. അദ്ദേഹം എന്നെ വിളിച്ച് ഏഴു രൂപ അയച്ചതില്‍ സോറി പറഞ്ഞു. കഥ കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഏഴുരൂപയല്ല, ഈ പണത്തിന്റെ വില നമുക്ക് മതിക്കാന്‍ സാധ്യമല്ല, ആ കുഞ്ഞിന്റെ സ്നേഹവും പ്രാര്‍ഥനയുമാണ് ഈ ഏഴുരൂപ. അത്തരത്തില്‍ ആണ് സ്നേഹം ഹരീഷിന് വേണ്ടി പ്രവഹിച്ചത്. പക്ഷേ ആ സ്നേഹവും പ്രാര്‍ഥനയും വിഫലമായി.
ഹരീഷിന് വേണ്ടി പതിനേഴ് ലക്ഷം രൂപയോളം ഇതുവരെ ചെലവായിട്ടുണ്ട്. ഹരീഷിന് കിട്ടിയ ധനസഹായത്തിന് മുഴുവന്‍ കണക്കും ചെലവായ തുകയും ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പടെ ഉടന്‍തന്നെ കുടുംബം പുറത്തുവിടും. ഹരീഷിന് വേണ്ടി പണം വാങ്ങിയിട്ട് കരള്‍ മാറ്റി വയ്ക്കല്‍ നടന്നതുമില്ല, പണം തട്ടിയെടുത്തു എന്ന പഴി പിന്നീട് ഒരിക്കല്‍ കേള്‍ക്കരുത് എന്നും മനോജ് കെ വര്‍ഗീസ് പറഞ്ഞു.