വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രം വർഷങ്ങൾക്ക് ശേഷം റിലീസിന് തയ്യാറായി. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'മധു പകരു' സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടൻ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പാട്ട് പുറത്തുവിട്ടത്. വിനീത് ശ്രീനിവാസനാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്.ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥാണ് സംഗീതം പകർന്നിരിക്കുന്നത്.
വ്യത്യസ്ത ലുക്കിലാണ് പ്രണവ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിന്റേജ് ലുക്കാണ് പ്രണവ് എത്തിയത്. ടീസറിൽ പ്രണവിനൊപ്പം ധ്യാനുമുണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തിയറ്ററുകളിൽ എത്തിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ 11ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.