പരാതിക്കും വിവാദങ്ങള്‍ക്കും പിന്നാലെ വിജയ് പാടിയ പാട്ടില്‍ മാറ്റം വരുത്തി ലിയോ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളില്‍ നിയമപരമായ മുന്നറിയിപ്പ് (ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം) കൂട്ടിച്ചേര്‍ത്തു. ഗാനത്തില്‍ മയക്കുമരുന്ന് ഉപയോഗത്തെയും ഗുണ്ടായിസത്തെയും മഹത്വവത്കരിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി .
ആക്ടിവിസ്റ്റായ കൊരുക്കുപ്പേട്ട സ്വദേശിയായ സെല്‍വമാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച ഓണ്‍ലൈന്‍ പരാതി നല്‍കുകയും ജൂണ്‍ 26 ന് രാവിലെ 10 മണിയോടെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. വിജയ്ക്കും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും എതിരെയാണ് പരാതി. മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്. വിജയ്ക്ക് പുറമേ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.