അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ചിത്രയ്ക്ക് നേരെ ഉയരുന്നത്.
'അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് 'ശ്രീരാമ ജയരാമ, ജയജയരാമ' എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം.
ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.' എന്നാണ് ചിത്ര വീഡിയോയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ആര്‍. എസ്. എസില്‍ നിന്നും കെ. എസ് ചിത്ര അക്ഷതം സ്വീകരിച്ചിരുന്നു. മലയാള സിനിമ താരങ്ങളായ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ദിലീപ്, കാവ്യ മാധവന്‍, തുടങ്ങിയവരും അക്ഷതം സ്വീകരിച്ചിരുന്നു.
ദിലീപിനും ഭാര്യയും നടിയുമായ കാവ്യാമാധനവും വീട്ടില്‍ എത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍ അക്ഷതം കൈമാറിയത്.രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനനാണ് ഇരുവര്‍ക്കും അക്ഷതം കൈമാറിയത്.
കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസനും അക്ഷതം കൈമാറിയിരുന്നു. കൂടാതെ മോഹന്‍ലാല്‍ സംവിധായകന്‍ ജോഷി എന്നിവര്‍ക്കും അക്ഷതം കൈമാറിയിരുന്നു.നടന്‍ ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു.
പൂജ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജദ്രവ്യം പോലെ പ്രധാനപ്പെട്ടതാണ് എന്നാണ് വിശ്വാസികള്‍ കരുതുന്നത്.അതേസമയം അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലേക്ക് ഇന്ത്യയിലെ പ്രമുഖ നടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്.
ഇതിനിടെ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ അയോധ്യയിലെ 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ ബച്ചന്‍ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്.
പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചന്‍ പറഞ്ഞത് ഇങ്ങനെ, 'എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയില്‍ ഈ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് അയോധ്യയില്‍ നിന്ന് നാഷണല്‍ ഹൈവേ 330 വഴി നാല് മണിക്കൂര്‍ യാത്രയുണ്ട്. ഇത് തന്റെ കമ്പനിയുടെ 'നാഴികക്കല്ലായ നിമിഷം' എന്നാണ് HoABL ചെയര്‍മാന്‍ അഭിനന്ദന്‍ ലോധ വിശേഷിപ്പിച്ചത്.
ബച്ചനെ ആദ്യത്തെ പൗരനായി വരവേല്‍ക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ലോധ പറഞ്ഞു. രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്.
22നാണ് 51 ഏക്കറില്‍ പരന്നുകിടക്കുന്ന അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.